കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വീണ്ടും അനധികൃത പ്രസാദ നിര്‍മാണം കണ്ടെത്തി. ഇന്നലെയുണ്ടായ സംഭവത്തിന് പിന്നാലെയാണ് വീണ്ടും അനധികൃത കരിപ്രസാദ നിർമ്മാണം കണ്ടെത്തിയത്. ദേവസ്വം ബോർഡ് കോർട്ടേഴ്സിന് മുകളിലാണ് കറുത്ത പൊടി അടക്കം ഉപയോഗിച്ച് കരി പ്രസാദം തയ്യാറാക്കിയിരുന്നത്.
ബിജെപി, ഹിന്ദു ഐക്യവേദി പ്രവർത്തകർ സ്ഥലത്ത് എത്തി പ്രതിഷേധിച്ചു. പൊലീസ് പരിശോധന നടത്തി. ഗണപതി ഹോമത്തിൻ്റെ ദ്രവ്യങ്ങൾ ഉപയോഗിച്ച് നിർമ്മിക്കേണ്ട കരിപ്രസാദമാണ് കവറുകളിലാക്കിയ കറുത്ത പൊടി ഉപയോഗിച്ച് നിർമ്മിച്ചിരുന്നത്. സംഭവത്തെ തുടർന്ന് കെട്ടിടം പൂട്ടിച്ചു.
അതേസമയം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ കരി പ്രസാദം നിർമിക്കുന്നതില്‍ കടുത്ത ആചാരലംഘനമാണ് നടന്നത്. തിടപ്പള്ളിയില്‍ തയാറാക്കേണ്ട കരി പ്രസാദം ഗണപതി ക്ഷേത്രത്തിന് സമീപത്തെ വാടക വീട്ടില്‍ ബംഗാളികളെ കൊണ്ടായിരുന്നു നിർമിച്ചിരുന്നത്. വിവരം ശ്രദ്ധയില്‍പ്പെട്ട ഭക്തർ എത്തി കൈയ്യോടെ പിടിക്കുകയായിരുന്നു.
സ്ഥലത്ത് എത്തിയ ദേവസ്വം അസിസ്റ്റൻ്റ് കമ്മിഷണറെ ഭക്തർ തടഞ്ഞുവച്ചു. വളരെ പുണ്യവും പരിപാവനവുമായി കരുതുന്ന കരിപ്രസാദമാണ് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ബംഗാളികളെ കൊണ്ട് നിർമ്മിച്ചിരുന്നത്.






