റാന്നി : പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിന് പുതിയ കെട്ടിടം നിർമ്മിക്കാൻ 2.25 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ.പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു.റാന്നി നിയോജക മണ്ഡലത്തിന്റെ കിഴക്കൻ പ്രദേശമായ പെരുനാട്ടിലെയൂം സമീപ പഞ്ചായത്തുകളിലെയും തോട്ടം തൊഴിലാളികളും പട്ടികജാതി പട്ടിക വർഗ്ഗ കുടുംബങ്ങളും ഉൾപ്പെടെയുള്ള പാവപ്പെട്ട ജനങ്ങൾ ചികിത്സയ്ക്കായി പ്രധാനമായും ആശ്രയിക്കുന്നത് പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻററിനെയാണ് ‘
ശബരിമലയുടെ പഞ്ചായത്ത് ആസ്ഥാനത്ത് സ്ഥിതിചെയ്യുന്ന പെരുനാട് കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ പമ്പ കഴിഞ്ഞാൽ പിന്നെയുള്ള ആദ്യത്തെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻറർ ആണ്. ശബരിമല പാതയിൽ അത്യാഹിതങ്ങൾ ഉണ്ടാകുമ്പോഴും ഭക്തർക്ക് അടിയന്തര ചികിത്സ ലഭിക്കേണ്ടതായി വരുമ്പോഴും ഇവിടേക്കാണ് ആദ്യം എത്തുന്നത്. ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും കുറവുമൂലം ഇടയ്ക്ക് 24 മണിക്കൂർ ചികിത്സ ഇല്ലാതായെങ്കിലും എംഎൽഎയുടെ ഇടപെടലിനെ തുടർന്ന് ചികിത്സ പുനരാരംഭിച്ചിരുന്നു. എങ്കിലും ആവശ്യമായ കെട്ടിടങ്ങളുടെയൂം അടിസ്ഥാന സൗകര്യങ്ങളുടെയും കുറവ് വലിയ പോരായ്മയായി നിലകൊണ്ടു.
ഈ സാഹചര്യത്തിൽ പുതിയ കെട്ടിടം നിർമ്മിക്കാൻ തുക അനുവദിക്കണം എന്നാവശ്യപ്പെട്ട് എംഎൽഎ ആരോഗ്യ മന്ത്രി വീണാ ജോർജിന് നിവേദനം നൽകി .ഇതിൻറെ അടിസ്ഥാനത്തിലാണ് ആശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുവാൻ തുക അനുവദിച്ച് ആരോഗ്യ വകുപ്പ് അനുമതി നൽകിയത്. സർക്കാർ പൊതുമേഖല സ്ഥാപനമായ HLL നാണ് നിർമ്മാണ ചുമതല.