കോട്ടയം: തിരുനക്കര പടിഞ്ഞാറേനട ഭക്തജന സമിതിയുടെ നവരാത്രി മഹോത്സവം നാളെ (22) മുതൽ ഒക്ടോബർ രണ്ടു വരെ ചിൽഡ്രൻസ് ലൈബ്രറി പാർക്കിലെ ശ്രുതി ഓഡിറ്റോറിയത്തിൽ നടക്കും. ത്രിപുരസുന്ദരി മണ്ഡപത്തിൽ എല്ലാ ദിവസവും കൊലുപൂജയും, ലളിതാസഹസ്രനാമപാരാണയവും, താംബൂല പ്രസാദവിതരണവും നടക്കും.
ചടങ്ങുകളുടെ ഭാഗമായി പ്രശസ്ത കലാകാരന്മാരുടെയും കുട്ടികളുടെയും കലാർച്ചനയും മാതൃപൂജ, ഗുരുപൂജ, കുമാരിപൂജ എന്നീ ചടങ്ങുകളും നടക്കുമെന്ന് പടിഞ്ഞാറേനട ഭക്തജന സമിതി പ്രസിഡന്റ് ആർ.ശങ്കർ, സെക്രട്ടറി ടി.ദേവരാജ്, ട്രഷറർ എസ്.രാജേഷ്, പ്രോഗ്രാം കൺവീനർ ഇ.എസ് ജ്യോതിലക്ഷമി, കോ ഓർഡിനേറ്റർ ആർ.സംഗീത എന്നിവർ അറിയിച്ചു.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായുള്ള ആദ്യ ദിനമായ സെപ്റ്റംബർ 22 ന് വൈകിട്ട് അഞ്ചിന് തൃപുരസുന്ദരി മണ്ഡപത്തിൽ ദീപം തെളിയിക്കൽ നടക്കും. രാജ്മോഹൻ കൈതാരമാണ് നവരാത്രി മണ്ഡപത്തിലേയ്ക്ക് വിളക്ക് സമർപ്പിച്ചത്. വൈക്കം രാജാംബാൾ ത്രിപുരസുന്ദരി മണ്ഡപത്തിൽ ദീപം തെളിയിക്കും. തുടർന്നു കൊലുപൂജയും, ലളിതാസഹസ്രനാമ പാരായണവും നടക്കും. വൈകിട്ട് അഞ്ചരയ്ക്ക് താംബൂല വിതരണം ഉണ്ടാകും.
സരോജ സുബ്ബയ്യ താംബൂലം സമർപ്പിക്കും. മീനാക്ഷി ഗ്രൂപ്പിലെ ഐശ്വര്യ മുരുകേഷ് താംബൂലം സ്വീകരിക്കും. വൈകിട്ട് 5.45 ന് നവരാത്രി മണ്ഡപത്തിൽ ഉദ്ഘാടന സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോ തൊറാസിക് സർജറി വിഭാഗത്തിലെ പ്രഫസറും എച്ച്.ഒ.ഡിയുമായ ഡോ.ടി.കെ ജയകുമാറും കോട്ടയം മെഡിക്കൽ കോളേജ് പ്ലാസ്റ്റിക് സർജറി വിഭാഗം എച്ച്.ഒ.ഡിയും പ്രഫസറുമായ ഡോ.ലക്ഷ്മി ജയകുമാറും ചേർന്ന് ഭദ്രദീപ പ്രകാശനവും കലാ സന്ധ്യയും ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആർ.ശങ്കർ അധ്യക്ഷത വഹിക്കും. വൈകിട്ട് ആറരയ്ക്ക് മാതൃപൂജ, ഏഴിന് സംഗീതാരാധനയും നടക്കും.






