തിരുവല്ല : തിരുവല്ല- മല്ലപ്പള്ളി റോഡിൽ കുറ്റപ്പുഴ ജംഗ്ഷന് സമീപം നാല് ഇരുചക്രവാഹങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. മറ്റൊരാൾക്ക് പരിക്കേറ്റു. കുറ്റപ്പുഴ പുതുപ്പറമ്പിൽ വീട്ടിൽസ്വദേശി റ്റിജു പി എബ്രഹാം (40) ആണ് മരിച്ചത്. തൃക്കൊടിത്താനം കോട്ടമുറി വിഷ്ണു ഭവനിൽ വിഷ്ണു (37) ന് പരിക്കേറ്റു. ഇന്ന് രാവിലെ 8.45 മണിയോടെ ആയിരുന്നു അപകടം ഉണ്ടായത്.
മൂന്ന് ബൈക്കുകളും ഒരു സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. മല്ലപ്പള്ളി ഭാഗത്ത് നിന്നും തിരുവല്ലയിലേക്ക് ബൈക്കിൽ വരികയായിരുന്നു റ്റിജു ഓടിച്ചിരുന്ന ബൈക്ക് തിരുവല്ലയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിനെ മറികടക്കുന്നതിനിടെ എതിർവശത്തു നിന്നു വന്ന ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഇടിയിൽ നിയന്ത്രണം തെറ്റിയ ബൈക്ക് മറ്റു രണ്ടു വാഹനങ്ങളിൽ ഇടിച്ചാണ് നിന്നത്. ഓടിക്കൂടിയ നാട്ടുകാരും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ടവരെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ തിരുവല്ല പോലീസ് എത്തി നടപടി സ്വീകരിച്ചു.






