ചക്കുളത്തുകാവ്: ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിൽ പന്ത്രണ്ട് നോയമ്പ് മഹോത്സവത്തിന് കൊടിയേറി. 108 നാളികേരം കൊണ്ടുള്ള മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി, ഒളശ്ശ മംഗലത്ത് ഇല്ലത്ത് ഗോവിന്ദൻ നമ്പൂതിരി, മുരളിധരൻ നമ്പൂതിരി മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ കൊടിയേറ്റും ചമയക്കൊടിയേറ്റും നടന്നു. കൊടിയേറ്റ് കർമ്മത്തിൽ നിരവധി വിശ്വാസികൾ പങ്കെടുത്തു.
20ന് രാവിലെ 9.30 ന് പ്രസിദ്ധമായ നാരീപൂജ നടക്കും. വ്യവസായിയും സാമൂഹിക പ്രവർത്തകയുമായ റാണി മോഹൻദാസിൻ്റെ പാദം കഴുകി മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി നാരീപൂജ ഉദ്ഘാടനം ചെയ്യും. മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി, ദുർഗ്ഗാദത്തൻ നമ്പൂതിരി എന്നിവർ ചടങ്ങിന് കാർമ്മികത്വം വഹിക്കും.
നാരീപൂജ ചടങ്ങിന് മുന്നോടിയായി നടക്കുന്ന സാംസ്കാരിക സമ്മേളനം ക്ഷേത്ര മാനേജിംങ് ട്രസ്റ്റി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. ജനപ്രതിനിധികൾ, രാഷ്ട്രീയ- സാമുദായിക- സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
ഡിസംബർ 26 ന് രാവിലെ 9 -ന് കലശാഭിഷേകവും ഉച്ചകഴിഞ്ഞ് 3 ന് കാവുംഭാഗം തിരു- ഏറാങ്കാവ് ക്ഷേത്രത്തിൽ നിന്ന് തിരുവാഭരണ ഘോഷയാത്രയും നടക്കും. സമാപന ദിവസമായ ഡിസംബർ 27 ന് കാവടി – കരകാട്ടവും ചക്കരക്കുളത്തിൽ ആറാട്ടും തൃക്കൊടിയിറക്കവും തുടർന്ന് മഞ്ഞനീരാട്ടും നടക്കും.
