തിരുവല്ല : നവീകരണം പാതിവാഴിയിൽ നിലച്ച കാവുംഭാഗം – ചാത്തങ്കരി റോഡിൽ പണികൾ തുടങ്ങി. ആദ്യ ഘട്ടമായി റോഡിലെ കുഴികൾ ലെവൽ ചെയ്യുന്ന ജോലികളാണ് നടക്കുന്നത്. മഴയിലും തുടർന്നുണ്ടായ വെളളക്കെട്ടിലും റോഡിന്റെ ഉറപ്പിച്ച ഭാഗം മിക്കയിടങ്ങളിലും ഒലിച്ചു പോയിരുന്നു. ഇതോടെ റോഡിന്റെ അളവിന് മാറ്റം വന്നു. ഈ പണികൾ ഇപ്പോൾ നടക്കുകയാണ്.
മഴ ശക്തമായതോടെ രണ്ട് പ്രാവശ്യം പണികൾ നിർത്തി വെച്ചിരുന്നു. ഇത് പല തരത്തിലുള്ള വിവാദങ്ങൾക്ക് ഇടയാക്കി.
കാവുംഭാഗം കാഞ്ഞിരത്തുംമൂട് പടി മുതൽ ചാത്തങ്കരി മണക്ക് ആശുപത്രി വരെയുള്ള 5.6 കിലോമീറ്റർ ദൂരത്തിൽ റോഡ് നവീകരിക്കുന്ന ജോലികൾ കഴിഞ്ഞ സെപ്റ്റംബറിലാണ് കരാറായത്. ലക്ഷ്മി നാരായണ പാലം മുതൽ കൊട്ടാണിപ്രാൽ വരെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ ഉപരിതലം ഇളക്കി 2.6 കിലോമീറ്ററിൽ ജി എസ് ബി യും, രണ്ട് കിലോ മീറ്റർ ദൂരത്തിൽ വൈറ്റ് മിക്സ് മെക്കാഡവും വിരിച്ചിരുന്നു. തുടർന്നുള്ള പണികൾ മഴയും വെള്ളപ്പൊക്കവും കാരണം നിലച്ചു.
ഉപരിതലം ഇളക്കി പണികൾ നടത്തിയിരിക്കുന്ന ഭാഗത്ത് ടാറിങ്ങിന്റെ ആദ്യ ഘട്ടമായ ബി എം ചെയ്യാനുള്ള തീരുമാനത്തിലാണ്. മൂന്ന് ദിവസമായി മഴ മാറി വെയിൽ ഉദിച്ചതോടെ പണികൾ ആരംഭിക്കുകയായിരുന്നു. കാലാവസ്ഥ അനുകൂലമായി നിന്നാൽ ഓണത്തിന് മുൻപെ ആദ്യ ലയർ ടാറിങ് പൂർത്തിയാക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു.






