ശബരിമല : മാളികപ്പുറത്തെ ചിത്രകൂടത്തിനടുത്തെത്തുമ്പോൾ ശരണം വിളിയ്ക്കൊപ്പം മുഴങ്ങുന്നത് പറകൊട്ടിപ്പാട്ടിന്റെ ഈണത്തിലുള്ള പറച്ചിലാണ്. ഭക്തരുടെ സർവദോഷങ്ങളും അകറ്റാൻ മാളികപ്പുറത്ത് നടത്തുന്ന വഴിപാടാണ് പറകൊട്ടിപ്പാട്ട്.തുകൽ വാദ്യ അകമ്പടിയോടെ അയ്യപ്പനെ പാടി പുകഴ്ത്തുന്നതോടെ ഭക്തരുടെ സർവദോഷങ്ങളും മാറിക്കിട്ടും എന്നാണ് വിശ്വാസം.
പാലാഴി മഥനം കഴിഞ്ഞ് മോഹിനി രൂപത്തിൽ എത്തിയ മഹാവിഷ്ണുവിന് ശനി ദോഷം ഉണ്ടായതായും പരമശിവനും പാർവതിയും മലവേടൻ്റെയും വേടത്തിയുടെയും വേഷത്തിലെത്തി ശനി ദോഷം മാറ്റിയെന്നുമാണ് വിശ്വാസം. പറകൊട്ടിപ്പാട്ട് പാടാനുള്ള അവകാശം പിന്നീട് പരമശിവൻ വേല സമുദായത്തിന് കൈമാറിയെന്നുമാണ് ഐതിഹ്യം.
ഭക്തരുടെ പേരും നാളും പറഞ്ഞ് കണ്ണ്, നാവ്, ശത്രു, ആഭിചാരം, കുടുംബം, ശനി, കേതു, രാഹു തുടങ്ങിയ ദോഷങ്ങൾ അകറ്റുന്നതിനായി തുകൽ വാദ്യം കൊട്ടിപ്പാടി അയ്യപ്പനെ സ്തുതിക്കുന്നതോടെ എല്ലാ ദോഷങ്ങളും മാറും എന്നാണ് ഭക്തരുടെ വിശ്വാസം.
ഒരിക്കൽ ശബരിമലയിൽ തീ പിടിച്ചപ്പോൾ കാരണം മനസ്സിലാക്കാൻ പന്തളം രാജാവ് പ്രശ്നം വെച്ച് നോക്കുകയും ദോഷം മാറാനായി വേടനെ വെച്ച് പാട്ടുപാടിക്കണമെന്ന് കാണുകയും ചെയ്‌തെന്ന് പറയപ്പെടുന്നു. അതിനു ശേഷമാണ് മാളികപ്പുറത്ത് കൊട്ടിപ്പാട്ട് വഴിപാടായി ആരംഭിക്കുന്നത്.
പത്തനംതിട്ട ജില്ലയിലെ വേലൻ സമുദായത്തിൽപ്പെട്ട 14 പേരാണ് ഇപ്പോൾ പറകൊട്ടിപ്പാട്ട് നടത്തിവരുന്നത്. പാരമ്പര്യമായി ഈ ജോലി ചെയ്തുവരുന്ന ഇവർ ഭക്തരിൽ നിന്നും ദക്ഷിണ മാത്രമാണ് വാങ്ങുന്നത്.






