ആലപ്പുഴ: മുല്ലക്കൽ ചിറപ്പിന്റെ ഭാഗമായി നഗരത്തിലൂടെയുള്ള ജനയാത്ര സുഗമമാക്കുന്നതിനായി ജില്ലാക്കോടതി പാലത്തിന് സമീപം ഒരുക്കുന്ന താൽക്കാലിക നടപ്പാലത്തിന്റെ നിർമാണം അവസാന ഘട്ടത്തിൽ. ഞായറാഴ്ചയോടെ നിർമാണം പൂർത്തിയാക്കി പാലം പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കും.
പുനർനിർമാണത്തിനായി ജില്ലാ കോടതി പാലം പൊളിച്ചതോടെ അതുവഴിയുള്ള യാത്ര താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ചിറപ്പ് ആഘോഷങ്ങൾക്കെത്തുന്ന ജനത്തിരക്ക് പരിഗണിച്ചാണ് സമാന്തര സംവിധാനമൊരുക്കുന്നത്. ആഘോഷ രാവുകളിൽ നഗരത്തിലെ ഗതാഗത തിരക്ക് കുറയ്ക്കൻ താൽക്കാലിക പാലം വലിയ സഹായമാകും.
വാടക്കാനാലിന് കുറുകെ എസ്‌ഡിവി സ്കൂളിന്റെ തെക്കേ അതിർത്തിയിൽ നിന്നും ജില്ലാക്കോടതി റോഡിലേക്ക് പ്രവേശിക്കാവുന്ന രീതിയിലാണ് പാലം നിർമ്മിക്കുന്നത്. തെങ്ങുകുറ്റികൾ താഴ്ത്തി അതിനു മുകളിൽ ഇരുമ്പ് ബീമുകൾ സ്ഥാപിച്ചാണ് 24 മീറ്റർ നീളമുള്ള പാലം നിർമിക്കുന്നത്. വശങ്ങളിൽ ഇരുമ്പ് കൈവരികളും സ്ഥാപിക്കും. റോഡിലേക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ മണ്ണ് നിരത്തി പ്രത്യേക പാതയും ഒരുക്കിയിട്ടുണ്ട്. ചിറപ്പ് ആഘോഷങ്ങൾ അവസാനിച്ചാലുടൻ ഈ താൽക്കാലിക പാലം പൊളിച്ചുനീക്കും.
താൽക്കാലിക പാലം പണിയുന്നതിനിടയിലും പുതിയ ജില്ലാക്കോടതി പാലത്തിന്റെ പൈലിങ് ജോലികൾ തടസ്സമില്ലാതെ അതിവേഗം പുരോഗമിക്കുകയാണ്. നിലവിൽ 30 ശതമാനം നിർമ്മാണ പ്രവർത്തികൾ പൂർത്തിയായിട്ടുണ്ട്. പ്രധാന പാലത്തിന്റെ തെക്കുഭാഗത്തായുള്ള പൈലിങ് ജോലികൾ നടന്നുവരികയാണ്. ഇതോടൊപ്പം റാമ്പ് റോഡ്, ഫ്ലൈ ഓവറിനായുള്ള നിർമ്മാണ പ്രവർത്തികൾ, വടക്കുഭാഗത്തായി നിർമ്മിക്കുന്ന ഓടയുടെ നിർമ്മാണ പ്രവർത്തികൾ എന്നിവയാണ് പുരോഗമിക്കുന്നത്. വടക്കുഭാഗത്തെ പൈലിങ് പ്രവർത്തികളെല്ലാം പൂർത്തിയായി. ആകെ 168 പൈലുകളാണ് പാലത്തിനുള്ളത്. ഇതിൽ 97 എണ്ണം പൂർത്തിയായി.






