പത്തനംതിട്ട : ശബരിമലയിലെ അരവണ നിറയ്ക്കുന്നതിനുള്ള കണ്ടെയ്നറുകൾ നിർമിക്കുന്ന പ്ലാന്റ് നിലയ്ക്കലിൽ സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനം. സെപ്തംബർ അവസാനത്തോടെ നിർമാണം ആരംഭിക്കുമെന്നും ഇതു സംബന്ധിച്ച താൽപര്യപത്രം ഈ മാസം ഒടുവിൽ ക്ഷണിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. പ്രശാന്ത് അറിയിച്ചു
തെള്ളിയൂരിൽ സ്ഥാപിക്കാനിരുന്ന പ്ലാൻ്റാണ് നിലയ്ക്കലിൽ നിർമിക്കാൻ ഇപ്പോൾ തീരുമാനിച്ചത്. മൂന്നരക്കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. അടുത്ത വർഷത്തെ ശബരിമല സീസണിൽ പ്ലാൻ്റിൽ നിന്ന് അരവണ കണ്ടെയ്നറുകൾ ലഭിക്കത്തക്ക രീതിയിലാണ് നടപടികൾ പുരോഗമിക്കുന്നത്.
ഓരോ സീസണിലും 17 കോടിയോളം രൂപ ചെലവിലാണ് ദേവസ്വം ബോർഡ് കണ്ടെയ്നറുകൾ പുറത്ത് നിന്ന് വാങ്ങുന്നത്. പുതിയ ദേവസ്വം മന്ത്രി വി.എൻ. വാസവൻ കർക്കടക മാസ പൂജയ്ക്ക് നട തുറക്കുന്ന ഈ മാസം 15 ന് ശബരിമല സന്ദർശിക്കും. തീർഥാടനം സംബന്ധിച്ച ഒരുക്കങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥരുമായി മന്ത്രി ചർച്ച നടത്തും