തിരുവല്ല : നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് കാണിച്ച് വിദേശത്ത് ജോലി ചെയ്യുന്ന ഭാര്യയെ ഭീഷണിപ്പെടുത്തി വീഡിയോ കോൾ ചെയ്ത സംഭവത്തിൽ ഓതറ സ്വദേശിയായ യുവാവിനെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു. ഓതറ മഹനീയ വീട്ടിൽ ജിൻസൺ ബിജു ( 28 ) ആണ് അറസ്റ്റിൽ ആയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
വിദേശത്ത് നേഴ്സ് ആയി ജോലി ചെയ്യുന്ന ഭാര്യയോടുള്ള സംശയത്തിന്റെ പേരിൽ ജിൻസൺ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് കാമുകൻറെ പേര് പറയണം എന്ന് ആവശ്യപ്പെട്ട് വീഡിയോ കോൾ ചെയ്യുകയായിരുന്നു. ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പോലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്തത്. പ്രതി ലഹരിക്ക് അടിമയാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.