ന്യൂഡൽഹി : ഞായറാഴ്ച ഡൽഹി രോഹിണിയിൽ സിആർപിഎഫ് സ്‌കൂളിന് സമീപത്തെ കടയിലുണ്ടായ പൊട്ടിത്തെറിക്ക് പിന്നിൽ ഖാലിസ്ഥാൻ വാദികളെന്ന് സംശയം. സ്‌ഫോടനത്തിന്റെ ആദ്യ ദൃശ്യങ്ങള്‍ ഖലിസ്താന്‍ ഭീകരരുമായി ബന്ധമുള്ള ജസ്റ്റിസ് ലീഗ് ഇന്ത്യ എന്ന സംഘടനയുടെ ടെലിഗ്രാം അക്കൗണ്ടിലാണ് പ്രചരിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്ഫോടനത്തിന് ഖലിസ്ഥാൻ ബന്ധമുണ്ടെന്ന നിഗമനത്തിലേക്ക് അന്വേഷണസംഘം എത്തിയിരിക്കുന്നത്.
ഖലിസ്ഥാൻ സിന്ദാബാദ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. ഇന്ത്യക്കെതിരെ എപ്പോൾ വേണമെങ്കിലും ആക്രമണം നടത്താൻ പ്രാപ്തരാണെന്ന് ഇത് തെളിയിക്കുന്നുവെന്നും വീഡിയോയ്‌ക്ക് പിന്നാലെ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.
ഞായറാഴ്ച രാവിലെ ഏഴരയോടെയാണ് രോഹിണി പ്രശാന്ത് വിഹാറിലെ സി.ആര്‍.പിഎഫ് സ്‌കൂളിനു സമീപം സ്‌ഫോടനമുണ്ടായത്.ആർക്കും പരുക്കേറ്റിരുന്നില്ല.റിമോട്ടോ ടൈമറോ ഉപയോഗിച്ച് നിയന്ത്രിക്കാൻ സാധ്യതയുള്ള ഐഇഡി ബോംബാണ് പൊട്ടിത്തെറിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ എൻഐഎയും അന്വേഷണം ആരംഭിച്ചു.