പത്തനംതിട്ട : വരുന്ന ശബരിമല സീസണിൽ ദേവസ്വം ബോർഡ് സ്വന്തം ടിന്നിൽ അരവണ വിതരണം ചെയ്യുന്നതിനുള്ള നടപടികൾക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. നിലയ്ക്കലിൽ പള്ളിയറക്കാവ് ക്ഷേത്രത്തിന് സമീപത്തും ഗോശാലയ്ക്ക് അടുത്തുമുള്ള അഞ്ച് വലിയ ഷെഡിൽ നവീകരിച്ച് ഫാക്ടറിയാക്കാനാണ് ഉദ്ദേശിക്കുന്നത് . ഉടനെ ഇതിനുള്ള താത്പര്യപത്രം ക്ഷണിക്കും. ഫാക്ടറിയുടെ ഡി പി ആർ തയ്യാറായി. ഫാക്ടറി നിർമ്മാണത്തിന് രണ്ടരക്കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്.
മണ്ഡല- മകരവിളക്ക് കാലത്ത് മാത്രം രണ്ടരക്കോടി അരവണ ടിന്നുകളാണ് വേണ്ടി വരുന്നത്. നിലവിൽ ഉപയോഗിക്കുന്ന ടിന്നിൻ്റെ മുകളിലും താഴെയുമുള്ള ഭാഗങ്ങളിലെ അടപ്പുകൾ ലോഹവും, ഉരുണ്ട ഭാഗം ഹാർഡ് ബോർഡുമാണ്. എന്നാൽ മുഴുവൻ ലോഹത്തിലുള്ള ടിൻ നിർമിക്കണമെന്ന അഭിപ്രായം ഉയർന്നെങ്കിലും നിലവിലെ രീതി തുടർന്നാൽ മതിയെന്നാണ് ബോർഡ് തീരുമാനം.
അരവണ ടിന്നുകൾ കരാർ നൽകി വാങ്ങുന്ന രീതിയാണ് വർഷങ്ങളായി തുടർന്നിരുന്നത്. കഴിഞ്ഞ സീസണിൽ രണ്ട് കരാർ കാർക്ക് ഓർഡർ നൽകിയതിൽ ഒരാൾ കൃത്യമായി സാധനം എത്തിക്കാതെ വന്നതോടെ കഴിഞ്ഞ സീസണിൽ അരവണ വിതരണത്തിൽ പ്രതിസന്ധി നേരിട്ടു.