തിരുവല്ല: അടിസ്ഥാന സൗകര്യ വികസനത്തിലൂടെ ആരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ മെച്ചപ്പെടുത്തിയതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് . തിരുവല്ല താലൂക്ക് ആശുപത്രി പുതിയ ഒ.പി ബ്ലോക്ക് കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്തുടനീളം ആരോഗ്യ പരിപാലന രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടാകുന്നത്. പൊതുജനാരോഗ്യ മേഖലയെ ആധുനികരിച്ച് കൂടുതൽ ജന സൗഹൃദ കേന്ദ്രങ്ങളാക്കി മാറ്റി. സാമൂഹിക നീതിയിലും തുല്യതയിലും അധിഷ്ഠിതമായ ചെലവ് കുറഞ്ഞ ആരോഗ്യ സംവിധാനം പ്രധാനം ചെയ്യുവാൻ സാധിച്ചു. ആരോഗ്യസൂചകങ്ങളിലും പൊതുജനാരോഗ്യ നിലവാരത്തിലും വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്കുയരാൻ സംസ്ഥാനത്തിന് കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
ഗുണനിലവാരമുള്ള ചികിത്സ എല്ലാവർക്കും ലഭ്യമാക്കുകയാണ് സർക്കാർ നയമെന്ന് ചടങ്ങിൽ അധ്യക്ഷയായ ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. രാജ്യത്ത് ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകുന്ന സംസ്ഥാനമാണ് കേരളം. ആരോഗ്യ മേഖലയിൽ ഒട്ടനവധി അടിസ്ഥാന വികസന പ്രവർത്തനങ്ങളാണ് തിരുവല്ല മണ്ഡലത്തിൽ നടക്കുന്നത്. താലൂക്ക് ആശുപത്രിയിൽ ആരോഗ്യകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 57 ലക്ഷം രൂപ ചെലവഴിച്ച് ഓപ്പറേഷൻ തീയേറ്റർ നവീകരിച്ചു. ബ്ലഡ് സ്റ്റോറേജ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു.
ആരോഗ്യകേരളം പദ്ധതിയിൽ ഉൾപ്പെടുത്തി 1.19 കോടി രൂപ ചിലവഴിച്ച് ലക്ഷ്യ നിലവാരത്തിൽ നിർമ്മിക്കുന്ന ലേബർ റൂമിന്റെ നിര്‍മാണവും കെ എം എസ് സി എൽ മുഖേന 1.25 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിക്കുന്ന ഓക്സിജന്‍ പ്ലാന്റിന്റെ അവസാനഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നു.
മൂന്ന് നിലകളിലായി 10200 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയിൽ 15 കോടി രൂപ വിനിയോഗിച്ചാണ് പുതിയ കെട്ടിടം തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിര്‍മ്മിക്കുന്നത്. ഒന്നാം നിലയിൽ ഒ.പി മുറി, സ്കാനിംഗ്, എക്സ്-റെ, കാത്തിരിപ്പ് കേന്ദ്രം എന്നിവ ഉള്‍പ്പെടുന്നു. രണ്ടാം നിലയിൽ ഡോക്ട്ടേഴ്സ് റൂം, നേഴ്സസ് റൂം, വിവിധ വിഭാഗങ്ങളുടെ പരിശോധനാ മുറികള്‍ എന്നിവയും മൂന്നാം നിലയിലായി ലാബ്, കിച്ചണ്‍, വിശ്രമമുറി എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു.
അഡ്വ. മാത്യു ടി തോമസ് എം എൽ എ, തിരുവല്ല മുനിസിപ്പൽ ചെയർപേഴ്സൺ അനു ജോർജ്, വൈസ് ചെയർമാൻ ജിജി വട്ടശ്ശേരി, തിരുവല്ല നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശോഭ ബിനു തുടങ്ങിയവർ പങ്കെടുത്തു.