കൊച്ചി : ശബരിമലയിലെ സ്വർണത്തിൽ തിരിമറി നടന്നത് വ്യക്തമാണെന്ന് ഹൈക്കോടതി. സ്വർണപ്പാളിയിൽ 475 ഗ്രാമോളം നഷ്ടമായെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിഷ്പക്ഷ അന്വേഷണം വേണമെന്ന് പറഞ്ഞ കോടതി പോലീസ് മേധാവിയെ കേസിൽ കക്ഷി ചേർത്തു. ദേവസ്വം വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ച ശേഷമാണ് കോടതിയുടെ നടപടി. എല്ലാ കാര്യങ്ങളും എസ്‌ഐടി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
അന്വേഷണസംഘത്തിൽ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് ഡിവൈഎസ്പിമാരും സംഘത്തിലുണ്ട്. ദേവസ്വം ചീഫ് വിജിലൻസ് ഓഫീസർ റിപ്പോർട്ട് ഡിജിപിക്ക് കൈമാറണമെന്നും കോടതി ഉത്തരവിട്ടു. വിജിലൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.
ഒന്നരമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും രണ്ടാഴ്ചയിലൊരിക്കൽ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് ദേവസ്വം കമ്മിഷണറുടെ നിർദ്ദേശം അനുസരിച്ചെന്ന് ഹൈക്കോടതി പറഞ്ഞു. ദേവസ്വം ബോർഡിന്റെ രേഖകളിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.






