പത്തനംതിട്ട: പെരുനാട് മോഡലിലാണ് സംസ്ഥാനത്തെമ്പാടും സി പി എം രക്തസാക്ഷികളെ സൃഷ്ടിക്കുന്നതെന്നും സിപിഎം രാഷ്ട്രീയമായി പിന്നോട്ട് പോവുകയും ലോകസഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും പരാജയപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ അണികളെ പിടിച്ച് നിർത്താന്നുള്ള അടവാണ് രാഷ്ട്രീയ കൊലപാതക വിവാദമെന്നും കെ പി സിസി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു പറഞ്ഞു.
പത്തനംതിട്ട പ്രസ് ക്ലബ്ബിൽ വാർത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിയും സി പി എം തമ്മിലുള്ള ഒത്തുകളിയാണ് ഇവിടെ നടക്കുന്നത്. പത്തനംതിട്ടയിലെ രാഷ്ട്രീയ മുഖ്യധാരയിൽ നിന്നും ഒറ്റപ്പെട്ട സി പി എം ബി ജെ പിയും പരസ്പരം ആരോപണം ഉന്നയിച്ച് മുഖ്യധാരയിലേക്ക് മടങ്ങി വരാനുള്ള രാഷ്ട്രീയ നാടകമാണ് നടത്തുന്നത്.
വിവാദത്തിന് പിന്നിൽ വലിയ ഗൂഡാലോചന ഉണ്ടെന്നും ഇത്തരം പ്രചരണങ്ങൾ മറ്റ് പലയിടത്തും സംഘർഷം ഉണ്ടാക്കുന്നതിന് കാരണമാകുമെന്നും അഡ്വ. പഴകുളം മധു പറഞ്ഞു. ഇരുകൂട്ടരും കൊലവിളി രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും പരസ്പരം അഡ്ജസ്റ്റ് ചെയ്തുള്ള രാഷ്ട്രീയ കൊലപാതക സംവാദം നിർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.