ലക്‌നൗ : മഹാകുംഭമേളക്ക് ഇന്ന് തുടക്കം. കുംഭമേളയിലെ പുണ്യസ്‌നാനങ്ങളിലൊന്നായ പൗഷ് പൂർണിമ സ്‌നാനത്തിൽ പങ്കെടുക്കാനായി പതിനായിരങ്ങൾ പ്രയാഗ് രാജിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ് .ഇന്ന് മുതൽ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്നാനം തുടങ്ങും.ജനുവരി 14 ന് മകരസംക്രാന്തി 29 ന് മൗനി അമാവാസി, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി, 12 ന് മാഘപൂർണിമ, 26 ന് മഹാശിവരാത്രി ദിനങ്ങളിലാണ് പ്രധാന സ്നാനങ്ങൾ നടക്കുക.
ഗംഗയും യമുനയും സരസ്വതിയും സംഗമിക്കുന്ന ത്രിവേണി സംഗമത്തിലെ പുണ്യസ്‌നാനം നടത്തിയാൽ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം.45 കോടി ഭക്തർ എത്തുമെന്നാണ് ഉത്തർപ്രദേശ് സർക്കാരിന്റെ വിലയിരുത്തൽ. എൻഡിആർഎഫും യുപി പൊലീസും മറ്റ് അർദ്ധ സൈനിക വിഭാഗങ്ങളും ഉൾപ്പെടെ വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ ഒരുക്കുമെന്ന് റെയിൽവേ അറിയിച്ചു.