കൊച്ചി : കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ കേന്ദ്ര ജി.എസ്.ടി. വകുപ്പ് ഉന്നത ഉദ്യോഗസ്ഥനും കുടുംബവും മരിച്ച നിലയില്‍ കണ്ടെത്തി.ജാർഖണ്ഡ് സ്വദേശിയും ജി.എസ്.ടി അഡീഷണൽ കമ്മിഷണറുമായ മനീഷ് വിജയ്(42), സഹോദരി ശാലിനി(35), ഇവരുടെ അമ്മ ശകുന്തള (82)എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്തു നിന്നും ഹിന്ദിയിൽ എഴുതിയ കുറിപ്പും കണ്ടെത്തി.
മനീഷിനെയും സഹോദരിയെയും ക്വാർട്ടേഴ്സിലെ മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിലും അമ്മയെ കട്ടിലിൽ കിടത്തി പുതപ്പിച്ച് പൂക്കൾ വിതറിയ നിലയിലുമാണ് കണ്ടെത്തിയത്. രണ്ടാഴ്ചയായി അവധിയിലായിരുന്ന മനീഷ് വിജയ് അവധി കഴിഞ്ഞിട്ടും ജോലിയിൽ പ്രവേശിക്കാതിരുന്നതിനെത്തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് വീട്ടിലെത്തുകയായിരുന്നു.
പ്രദേശത്ത് ദുർഗന്ധം ഉണ്ടായിരുന്നു .ആദ്യം മനീഷിന്റെയും സഹോദരിയുടെയും മൃതദേഹങ്ങൾ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പിന്നീട് കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് കട്ടിലിൽ അമ്മയുടെ മൃതദേഹവും കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ടുദിവസം പഴക്കമുണ്ടെന്നാണ് റിപ്പോർട്ട്. അമ്മയെ കൊലപ്പെടുത്തി മനീഷും സഹോദരിയും ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ എക്സാം ഒന്നാം റാങ്കോടെ പാസ്സായ ശാലിനി അവിടെ ജോലി ചെയ്യുകയായിരുന്നു . 2011 ബാച്ച് ഐആർഎസ് ഉദ്യോഗസ്ഥനായ മനീഷ് ഒന്നര വര്‍ഷം മുന്‍പാണ് കൊച്ചിയിലെത്തിയത്.