തിരുവല്ല: തിരുവല്ലയിൽ ഭക്ഷണം കഴിച്ചതിന്റെ ബില്ലിനെ ചൊല്ലി കടയുടമയുമായി ഉണ്ടായ സംഘർഷത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ അറസ്റ്റിൽ. കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോ ജീവനക്കാരൻ തിരുവനന്തപുരം വെള്ളറട കുടപ്പനംമൂട് കുളക്കാട്ട് വീട്ടിൽ എബി സാം ചാക്കോ (31) ആണ് അറസ്റ്റിലായത്.
തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ സ്റ്റാളിൽ ശനിയാഴ്ച വൈകീട്ട് ആറിനായിരുന്നു സംഭവം. ഇയാൾ കടയിൽ നിന്ന് ഭക്ഷണം വാങ്ങി കഴിച്ചശേഷം ബിൽ തുക കൂടുതലാണെന്ന് ആരോപിച്ച് കടയുടമയുമായി ബഹളമുണ്ടാക്കുകയായിരുന്നു.
ഇത് തടയാനെത്തിയ ഡ്യൂട്ടി പൊലീസുകാരനെയും ഇയാൾ അസഭ്യം പറയുകയും ചെയ്തു . തുടർന്നാണ് അറസ്റ്റ്. എന്നാൽ എബിയെ സ്റ്റാളിലുള്ളവർ ചേർന്ന് മർദിച്ചതായും പറയുന്നു.