തിരുവനന്തപുരം: വിദേശ തൊഴില്‍ കുടിയേറ്റ നടപടികളില്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നത് ലക്ഷ്യമിട്ട് നോര്‍ക്കയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഗ്ലോബല്‍ മൊബിലിറ്റി കോണ്‍ക്ലേവ് ഒക്‌ടോബര്‍ 7ന് രാവിലെ 10.30 ന് തിരുവനന്തപുരം ഹൈസിന്ത് ഹോട്ടലില്‍ ചേരും.
വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികള്‍, നൈപുണ്യ വികസന ഏജന്‍സികളില്‍ നിന്നും, സംസ്ഥാനത്തെ അംഗീകൃത റിക്രൂട്ട്മെന്റ് ഏജന്‍സികളില്‍ നിന്നുമുളള പ്രതിനിധികള്‍, കുടിയേറ്റ മേഖലയിലെ അന്താരാഷ്‌ട്ര വിദഗ്ധര്‍ തുടങ്ങിയവര്‍ സംബന്ധിക്കും. വിദേശ തൊഴില്‍ റിക്രൂട്ട്മെന്റുകളിലെ നവീകരണം, സുരക്ഷിതത്വം, പരസ്പര സഹകരണം തുടങ്ങിയ വിവിധ വിഷയങ്ങള്‍ കോണ്‍ക്ലേവില്‍ ചര്‍ച്ച ചെയ്യും.
വിദേശ തൊഴില്‍ റിക്രൂട്ട്മെന്റിലെ മാറുന്ന കാഴ്ചപാടുകള്‍ സാധ്യതകള്‍, ഭാവിയിലെ മാനവവിഭവശേഷിക്കാവശ്യമായ നൈപുണ്യ വികസനം, അക്കാദമിക് തയ്യാറെടുപ്പുകള്‍, മൈഗ്രന്റ് മാപ്പിങ്, റിക്രൂട്ട്മെന്റ് ഏജന്‍സികള്‍ നേരിടുന്ന വെല്ലുകളില്‍ എന്നിവയെല്ലാം ചര്‍ച്ചയാകും. വ്യവസ്ഥാപിതവും സുരക്ഷിതവുമായ തൊഴില്‍ കുടിയേറ്റത്തിന് ദേശീയ തലത്തില്‍ സ്വീകരിക്കേണ്ട നടപടികളും ചര്‍ച്ച നടത്തും.