പത്തനംതിട്ട : ജില്ലാ ആസ്ഥാനത്ത് പൊതു പരിപാടികൾ നടത്തുന്നതിന് പത്തനംതിട്ട നഗരസഭ ടൗൺ സ്ക്വയർ നിർമിക്കുന്നു. ഇതിൻ്റെ വിശദരൂപരേഖ തയ്യാറായി. സുപ്രീം കോടതി പ്രഥമ വനിതാ ജഡ്ജി ജസ്റ്റിസ് ഫാത്തിമാ ബീവി, ജില്ലയുടെ പിതാവ് കെ.കെ. നായർ എന്നിവർക്ക് ടൗൺ സ്ക്വയറിൽ സ്മാരകങ്ങളും ഒരുക്കും.ടൗൺ സ്ക്വയറിൻ്റെ ഡി പി ആറിന് അന്തിമ രൂപം നൽകിയതായി നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ പറഞ്ഞു
അബാൻ ജംഗ്ഷനിൽ മേൽപ്പാല നിർമാണത്തിനായി നഗരസഭയുടെ ഓപ്പൺസ്റ്റേജ് പൊളിച്ചു നീക്കിയതോടെ പൊതു സമ്മേളനങ്ങളും യോഗങ്ങളും നടത്താൻ നിലവിൽ ടൗണിൽ സ്ഥലമില്ലാത്ത അവസ്ഥയാണുള്ളത്. ഈ സാഹചര്യത്തിലാണ് പൊതു പരിപാടികൾക്ക് പ്രത്യേക ഇടം കണ്ടെത്താൻ നഗരസഭ തീരുമാനിച്ചത്. പരിസ്ഥിതി സൗഹൃദ ടൗൺ സ്ക്വയർ ആണ് നിർമിക്കുന്നതെന്നും നഗരസഭ ചെയർമാൻ വ്യക്തമാക്കി.