സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് അവലോകനയോഗം സംഘടിപ്പിച്ചത്. സാംസ്‌കാരിക, ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാനും അവലോകന യോഗത്തില്‍ പങ്കെടുത്തു.സമൂഹത്തിലെ ഏറ്റവും പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങളാണ് മുന്നിലുള്ളതെന്ന ബോധ്യം ഉദ്യോഗസ്ഥര്‍ക്കുണ്ടാവണമെന്ന് മന്ത്രി പറഞ്ഞു. പദ്ധതികള്‍ നടപ്പാക്കുന്നുണ്ടെങ്കിലും ചെറിയ അശ്രദ്ധകളുണ്ട് ഇത് പരിഹരിക്കണം. പദ്ധതികളുടെ പുരോഗതി വിലയിരുത്തുന്നതിന് എല്ലാ മാസവും ജില്ലാതല ഓണ്‍ലൈന്‍ യോഗം ചേരും. അംബേദ്കര്‍ നഗര്‍ പദ്ധതി നടപ്പിലെ പ്രശ്‌നങ്ങള്‍ പരിശോധിച്ച് ഉടന്‍ പരിഹരിക്കും. ഉദ്യോഗസ്ഥര്‍ ഫീല്‍ഡ് വര്‍ക്ക് മെച്ചപ്പെടുത്തണം. വകുപ്പിന്റെ ഉന്നതി പദ്ധതിയില്‍ വൈദ്യുതി, കുടിവെള്ളം, റോഡ് ലഭ്യത എന്നിവ ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ഭൂരഹിതരെ കണ്ടെത്തി ഭൂമി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. എല്ലാ പട്ടികജാതി കുടുംബങ്ങള്‍ക്കും രേഖകള്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്നും ഓഫീസുകള്‍ ഇ ഫയല്‍ സംവിധാനത്തിലേക്ക് മാറണമെന്നും മന്ത്രി സൂചിപ്പിച്ചു.
കോര്‍പ്പസ് ഫണ്ട് വിനിയോഗത്തിലെ അപാകത പരിഹരിക്കാന്‍ ജില്ലാതല മോണിട്ടറിങ് വേണം. ഒക്ടോബര്‍ രണ്ടിന് ആരംഭിക്കുന്ന സാമൂഹ്യ ശുചിത്വ കാമ്പയിനിന്റെ ഭാഗമായി വകുപ്പിന് കീഴിലുള്ള എല്ലാ ഓഫീസുകളിലും ശുചീകരണം നടത്തണമെന്നും മന്ത്രി പറഞ്ഞു. എം എല്‍ എമാരായ പി ചിത്തരഞ്ജന്‍, എച്ച് സലാം, എം എസ് അരുണ്‍ കുമാര്‍, ദലീമ ജോജോ, യു പ്രതിഭ എന്നിവര്‍ സംസാരിച്ചു.