ആലപ്പുഴ: ബസ് സര്‍വീസ് കാര്യക്ഷമമാക്കാനും ജനങ്ങളുടെ യാത്ര ക്ലേശം പരിഹരിക്കാനും മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജനകീയ സദസ്സുകള്‍ ആരംഭിക്കുന്നു. പല ജില്ലകളിലും കെ.എസ്.ആര്‍.ടി.സി./പ്രൈവറ്റ് ബസുകള്‍ കാര്യക്ഷമമായി സര്‍വീസ് നടത്താത്തതിന്റെ ബുദ്ധിമുട്ടുകള്‍ പൊതുജനങ്ങള്‍ അനുഭവിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജനകീയ സദസ്സുകള്‍ സംഘടിപ്പിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം ലഭിച്ചത്.
എം.എല്‍.എ.മാര്‍, പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി പ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ചാണ് ജനകീയ സദസ്സ് നടത്തുന്നത്. അമ്പലപ്പുഴ താലൂക്കിലെ പരിസരപ്രദേശങ്ങളിലെയും ഇത്തരം റൂട്ടുകള്‍ കണ്ടെത്തുന്നതിനും റിപ്പോര്‍ട്ട് നല്‍കാനുമായി ജില്ലയിലെ ആദ്യ സദസ്സ് ജൂലൈ 22-ന് പകല്‍ 11 മണിക്ക് ആലപ്പുഴ കലക്ടറേറ്റിലെ ദേശീയ സമ്പാദ്യ ഭവനില്‍ എച്ച്. സലാം എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേരും.
ജനപ്രതിനിധികള്‍,പൊതുപ്രവര്‍ത്തകര്‍, റെസിഡന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, ബസ് ഓപ്പറേറ്റര്‍ അസോസിയേഷന്‍ തുടങ്ങിയവര്‍ക്ക് സദസ്സില്‍ പങ്കെടുത്ത് പരാതിയുള്ള റൂട്ടുകളെ പറ്റിയുള്ള റിപ്പോര്‍ട്ട് നല്‍കാമെന്ന് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.