ശബരിമല: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട ഇന്ന് വൈകിട്ട് നാല് മണിക്ക് തുറന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ധാരാളം ഭക്തര്‍ ദര്‍ശനത്തിനെത്തി. നട തുറന്നതിന് പിന്നാലെ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലകശില്പങ്ങളില്‍ അറ്റകുറ്റപ്പണി കഴിഞ്ഞെത്തിച്ച സ്വര്‍ണപ്പാളികള്‍ സ്ഥാപിച്ചു.
സ്ട്രോംഗ് റൂമില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണപ്പാളികള്‍ വിശദ മഹസര്‍ തയാറാക്കിയശേഷമാണ് പുറത്തെടുത്തത്. ശേഷം ശ്രീകോവിലിന് മുന്നിലെത്തിച്ച് ആചാരപ്രകാരം ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിച്ചു. തന്ത്രി, മേല്‍ശാന്തി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സ്വര്‍ണപ്പാളികള്‍ വീണ്ടും ദ്വാരപാലകശില്പങ്ങളില്‍ സ്ഥാപിച്ചത്.