പത്തനംതിട്ട : എല്ലാ ദിവസവും ദേശീയ പതാക ഉയർത്തുന്ന ഒരു വീടുണ്ട് ജില്ലയിലെ കുളനടയിൽ. ദേശീയ ബോധത്തെ നെഞ്ചോട് ചേർത്ത് ജീവിതം നയിക്കുന്ന റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ തോമസ് കുഞ്ഞുകുഞ്ഞും മകൻ ജോസ് കെ തോമസും കുടുംബവും ആണ് സമുഹത്തിന് മാത്യകയാകുന്നത്.
27 വർഷമായി എല്ലാ ദേശീയ ദിനങ്ങളിലും, പന്തളം കുളനടയിലെ തറയിൽ വീട്ടിൽ ദേശീയ പതാക ഉയർത്തുന്ന പതിവുണ്ട്. നവീൻ ജിണ്ടാൽ എന്ന പ്രവാസി വ്യവസായി 2002 ൽ സുപ്രിംകോടതിയിൽ നിന്നും എല്ലാ പൗരന്മാർക്കും ദേശീയപതാക ഉയർത്താമെന്ന വിധി സമ്പാദിച്ചിരുന്നു. ഈ കോടതി വിധിയെപ്പറ്റി അറിഞ്ഞ ശേഷമാണ് ദേശീയ ദിനങ്ങളിൽ മാത്രം പതാക ഉയർത്തിയിരുന്ന തറയിൽ വീട്ടിൽ എല്ലാ ദിവസവും പതാക ഉയർത്താൻ ആരംഭിച്ചത്.
ഫ്ലാഗ് കോഡുകൾ കർശനമായി പാലിച്ചുകൊണ്ടാണ് 95 കാരനായ റിട്ട. എസ് .ഐ . തോമസ് കുഞ്ഞുകുഞ്ഞും മകൻ ജോസ് കെ. തോമസും കുടുംബാംഗങ്ങളും ചേർന്ന് ഒരു പ്രാർത്ഥനയുടെ പവിത്രതയോടെ യാതൊരു മുടക്കവും വരാതെ ദേശീയപതാക ഉയർത്തുന്നത്. ഔദ്യോഗിക ദു:ഖാചരണ വേളകളിൽ പതാക പകുതി താഴ്ത്തി കെട്ടുന്നതിലും കുടുംബം അതീവ ശ്രദ്ധ പുലർത്തുന്നു.
ദു:ഖാചരണ വേളകളിൽ പതാക ഉയർത്തിയ ശേഷമാണ് പകുതി താഴ്ത്തിക്കെട്ടേണ്ടതെന്ന് ജോസ് കെ. തോമസ് പറഞ്ഞു. കേരളാ പോലീസിൽ എസ് ഐ ആയി വിരമിച്ച പിതാവ് പകർന്ന് തന്ന ദേശീയ ബോധം പുതിയ തലമുറയ്ക്കും പകർന്ന് നൽകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ടെന്നും ജോസ് കെ തോമസ് പറഞ്ഞു. മൂത്ത മകൻ ഇന്ത്യൻ ആർമിയിൽ മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ്. ഇളയ മകൾ അദ്ധ്യാപികയായി ആണ് ജോലി നോക്കുന്നതെങ്കിലും എൻ സി സി യുടെ സി സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട്.
റേഡിയൊ ഉറങ്ങാത്ത വീട് എന്ന് കൂടി അറിയപ്പെടുന്ന തറയിൽ കുടുംബാംഗങ്ങളുടെ പ്രധാന മാധ്യമം റേഡിയോ ആണ്. ദിവസവും പ്രക്ഷേപണം ആരംഭിക്കുമ്പോൾ മുതൽ രാത്രി അവസാനിക്കുന്നത് വരെ ഈ വീട്ടിലെ എല്ലാവരും റേഡിയൊ ശ്രോതാക്കളാണ്. ആകാശവാണിയിൽ ദേശീയഗാനം പ്രക്ഷേപണം ചെയ്യുന്നത് കേട്ടാൽ പോലും 95 കാരനായ തോമസ് കുഞ്ഞ്കുഞ്ഞ് അടക്കം മുഴുവൻ കുടുംബാംഗങ്ങളും എഴുന്നേറ്റ് നിന്ന് ദേശീയഗാനത്തെ ആദരിക്കും.
പ്രായത്തിൻ്റെ അവശതകളുണ്ടെങ്കിലും താൻ പകർന്ന് നൽകിയ ദേശീയബോധം തൻ്റെ പിൻ തലമുറ ഒട്ടും കുറവ് വരാതെ കാത്ത് സൂക്ഷിക്കുന്നതിൽ തോമസ് കുഞ്ഞുകുഞ്ഞിന് ഏറെ അഭിമാനമാണുള്ളത്.