തിരുവല്ല : നമ്മുടെ തിരുവല്ല ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഓണാഘോഷ പരിപാടി തെരുവോണം 2025, ആഗസ്റ്റ് 31 ഞായറാഴ്ച്ച 12 മണിക്ക് എസ് സി എസ് കോമ്പൗണ്ടിലെ വി ജി എം ഹാളിൽ നടക്കും. മാർത്തോമ്മ സഭാ സെക്രട്ടറി റവ. എബി ടി. മാമ്മൻ മുഖ്യാതിഥി ആയിരിക്കും. പത്തനംതിട്ട ജില്ല സാമൂഹിക നീതി ഓഫീസർ ഷംലാ ബീഗം, തിരുവല്ല ഡി വൈ എസ് പി നന്ദകുമാർ എന്നിവർ പ്രത്യേക ക്ഷണിതാക്കളായി സംബന്ധിക്കും.
തെരുവിൽ ജീവിക്കുന്നവരോടും തെരുവിനെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരോടുമുള്ള ഐക്യദാർഢ്യമാണ് തെരുവോണം 2025. തെരുവിൽ ഉറങ്ങുന്നവർ, ശുചീകരണ തൊഴിലാളികൾ, ലോട്ടറി കച്ചവടക്കാർ, തെരുവിൽ കൈത്തൊഴിലുകൾ ചെയ്യുന്നവർ, ഹരിതകർമ്മ സേനാംഗങ്ങൾ, ആശാ പ്രവർത്തകർ, നാമമാത്ര കച്ചവടക്കാർ, ട്രാഫിക് വാർഡന്മാർ, പൊലീസ്, ഫയർ ആർഡ് റെസ്ക്യൂ ഉദ്യോഗസ്ഥർ തുടങ്ങി ജീവിതത്തിന്റെ നാനാ തുറയിലുള്ളവർ പരിപാടിയിൽ പങ്കെടുക്കും .