ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് മരിച്ച ഷിബിനയുടെ കേസ് മെഡിക്കൽ കോളേജ് അധികൃതർ വൈകിപ്പിക്കുന്നതിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ വിശദവിവരങ്ങളടങ്ങിയ റിപ്പോർട്ട് അടുത്ത സിറ്റിങ്ങിൽ സമർപ്പിക്കാനും അല്ലാത്തപക്ഷം ശക്തമായി നടപടി സ്വീകരിക്കേണ്ടി വരുമെന്നും കമ്മീഷൻ ചെയർമാൻ അഡ്വ. എ.എ.റഷീദ് അറിയിച്ചു.
ഷിബിനയുടെ മരണത്തെ തുടർന്ന് കമ്മീഷൻ സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കമ്മീഷൻ ഇക്കാര്യം അറിയിച്ചത്. മരണപ്പെട്ട ഷിബിന ചികിത്സയിലിരുന്ന സമയത്തെ ലാബ് പരിശോധനാ ഫലം, സംബന്ധിച്ച് അന്വേഷണം നടത്തിയും ഷിബിനയുടെയും നവജാതശിശുവിന്റെയും ചികിത്സാരേഖകൾ ഒരു വിദഗ്ധസമിതി പരിശോധിച്ച് റിപ്പോർട്ട് ലഭ്യമാക്കിയാൽ മാത്രമേ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ കഴിയൂവെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ നൽകിയ റിപ്പോർട്ട് കമ്മീഷൻ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള നടപടിക്രമങ്ങളാണ് കമ്മീഷൻ ആവശ്യപ്പെട്ടത്.ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ജില്ലാ പോലീസ് മേധാവി, ടി ഡി മെഡിക്കൽ കോളേജ് സൂപ്രണ്ട് എന്നിവരായായിരുന്നു കേസിലെ എതിർകക്ഷികൾ.