തിരുവനന്തപുരം : ഓണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ സെപ്റ്റംബർ 1 മുതൽ 4 വരെയുള്ള നാല് ദിവസങ്ങളിലായി കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കൃഷി വകുപ്പ്, ഹോർട്ടികോർപ്പ്, VFPCK എന്നിവയുടെ ഏകോപനത്തോടെയാണ് ഈ ചന്തകൾ ആസൂത്രണം ചെയ്തിരിക്കുന്നത്. പഞ്ചായത്ത്/ കോർപ്പറേഷൻ/ മുനിസിപ്പാലിറ്റി തലത്തിൽ നടക്കുന്ന കർഷക ചന്തകളിൽ 1,076 എണ്ണം കൃഷിവകുപ്പും 160 എണ്ണം വി.എഫ്.പി.സി.കെയും 764 എണ്ണം ഹോർട്ടികോർപ്പും സംഘടിപ്പിക്കുമെന്ന് മന്ത്രി അറിയിച്ചു.
കർഷകരിൽ നിന്ന് 10% അധിക വില നൽകി പച്ചക്കറികൾ സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 30% കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുകയും ചെയ്യും. ജൈവപച്ചക്കറികൾ, ഉത്തമ കൃഷിമുറകൾ (Good Agricultural practices (GAP)) പരിപാലിച്ച് ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ എന്നിവ 20% അധികവില നല്കി സംഭരിക്കുകയും പൊതുവിപണി വിലയേക്കാൾ 10% കുറച്ച് വില്പന നടത്തുകയും ചെയ്യും. ഇതിനായി 13 കോടി രൂപ ചെലവാകുമെന്നാണ് കണക്കാക്കിയിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ കർഷകർ ഉല്പാദിപ്പിക്കുന്ന പച്ചക്കറികൾ സംഭരിക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിൽ ലഭ്യമല്ലാത്ത പച്ചക്കറികൾ ഹോർട്ടികോർപ്പ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് സംഭരിക്കും. ഇടുക്കി, വയനാട് ജില്ലകളിലെ പ്രത്യേക പച്ചക്കറി ഇനങ്ങളുടെ ലഭ്യത കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പാക്കും. കേരളഗ്രോ, ജൈവ ഉൽപ്പന്നങ്ങൾ, കൃഷിക്കൂട്ടങ്ങളുടെ ഉൽപ്പന്നങ്ങൾ, ഫാമുകളുടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ വിൽപ്പനക്കായി കർഷകചന്തയിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും.