പ്ലസ് വൺ പ്രവേശനത്തിന് സംസ്ഥാനത്ത് ഏറ്റവുമധികം സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന ജില്ലയായി പത്തനംതിട്ട മാറി.
ജില്ലയിൽ ഇക്കുറി 13, 859 അപേക്ഷകളാണ് പ്ലസ് വൺ പ്രവേശനത്തിന് ലഭിച്ചത്. ഭിന്നശേഷിയുള്ളവർ ഉൾപ്പെടെ 9906 മെറിറ്റ് സീറ്റുകളിൽ 9196 സീറ്റുകളിലാണ് പ്രധാന അലോട്ട് മെൻ്റിലൂടെ പ്രവേശനം നൽകിയത്. ഇതിൽ 3360 പേർ ജില്ലയ്ക്ക് പുറത്തു നിന്നുള്ളവരാണ്. എന്നിട്ടും മെറിറ്റ് സീറ്റിലും മാനേജ്മെൻ്റ് ക്വാട്ടായിലും സ്പോർട്സ് ക്വാട്ടയിലും അൺ എയ്ഡഡ് വിഭാഗത്തിലും സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്നു.
ജില്ലയിൽ നിലവിൽ 1750 സീറ്റുകളുള്ള മാനേജ്മെൻ്റ് ക്വാട്ടയിൽ 200 കുട്ടികൾ മാത്രമേ പ്രവേശനം നേടിയിട്ടുള്ളൂ. ഹ്യുമാനിറ്റീസ് ബാച്ചുകളിലാണ് ഒഴിവ് ഏറെയുള്ളത്. ഗ്രാമീണ മേഖലകളിൽ സയൻസ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലാണ് ഒഴിവ്. കൊമേഴ്സ് ബാച്ചിലേക്ക് കുട്ടികളെ ആവശ്യത്തിന് ലഭിച്ചിട്ടുണ്ട്.
അതേ സമയം വി എച്ച്എസ് ഇ ബാച്ചുകളിലും കുട്ടികളുടെ കുറവുണ്ട്. 1300 സീറ്റുകളാണ് വി എച്ച്എസ്ഇയിൽ ഒഴിഞ്ഞു കിടക്കുന്നത്. കുട്ടികളുടെ കുറവ് ജില്ലയിലെ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിച്ചതായി അധ്യാപകർ പറഞ്ഞു.