കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്ത 4 കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി അംഗം ബാലകൃഷ്ണൻ പെരിയ, മുൻ ബ്ലോക്ക് പ്രസിഡന്റ് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡന്റുമാരായ പ്രമോദ് പെരിയ, രാമകൃഷ്ണന്‍ പെരിയ എന്നിവരെയാണ് കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത്.
പെരിയ ഇരട്ടക്കൊലക്കേസ് പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍റെ മകന്‍റെ വിവാഹ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തതാണ് വിവാദമായത്. സംഭവത്തിൽ പാർട്ടി നിയോഗിച്ച രണ്ടംഗ അന്വേഷണ സമിതിയുടെ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി.രക്തസാക്ഷികളുടെ കുടുംബങ്ങളെ നേതാക്കള്‍ പരസ്യമായി അപമാനിച്ചുവെന്ന് കെപിസിസി ചൂണ്ടിക്കാട്ടി.