തിരുവനന്തപുരം : സംസ്ഥാന ധനവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനാകും. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കർണാടക റവന്യു മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, പഞ്ചാബ് ധനകാര്യ മന്ത്രി ഹർപാൽ സിങ് ചീമ, തമിഴ്‌നാട് ധനകാര്യ മന്ത്രി തങ്കം തെന്നരസു, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവർ പങ്കെടുക്കും. അഞ്ച് സംസ്ഥാനങ്ങളിലെയും ധനകാര്യ സെക്രട്ടറിമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരും ധനകാര്യ വിദഗ്ധരും പങ്കെടുക്കും.
പതിനാറാം ധനകാര്യ കമ്മീഷൻ സംസ്ഥാനങ്ങളുമായി ആശയവിനിമയം ആരംഭിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കേരളം ധനമന്ത്രിമാരുടെ കോൺക്ലേവ് നടത്താൻ നിശ്ചയിച്ചതെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ പറഞ്ഞു. കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള വേദികളിൽ പ്രധാനപ്പെട്ട ഒന്നായാണ് ധനകാര്യ കമ്മീഷനെ കേരളം പരിഗണിക്കുന്നത്.സംസ്ഥാനങ്ങൾ നേരിടുന്ന വികസന-ധനകാര്യ പ്രശ്‌നങ്ങൾ പതിനാറാം ധനകാര്യ കമ്മീഷൻ മുമ്പാകെ അവതരിപ്പിക്കുന്നത് സംബന്ധിച്ച ആശയരൂപീകരണമാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം.