ന്യൂഡൽഹി : രാജ്യവ്യാപകമായി വോട്ടർ പട്ടികയില്‍ സമഗ്രമായ മാറ്റങ്ങള്‍ വരുത്താൻ നിർണായ നീക്കവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർമാർ പങ്കെടുത്ത യോഗത്തില്‍ മുന്നൊരുക്കങ്ങള്‍ ചർച്ച ചെയ്യുകയും നിർദ്ദേശം നൽകുകയും ചെയ്തു.
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിഹാറില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ തീവ്ര വോട്ടർപട്ടിക പരിഷ്കരണം (SIR- സ്പെഷ്യല്‍ ഇന്റൻസീവ് റിവിഷൻ) നടത്തിയിരുന്നു. ഈ നടപടി എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും.
വോട്ടർ പട്ടിക പരിഷ്കരണം ബിഹാർ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുൻപ് തന്നെ വന്നേക്കാം. തീവ്ര വോട്ടർപട്ടിക പരിഷ്കരണം എപ്പോള്‍ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു. സെപ്റ്റംബറോടെ അടിസ്ഥാനപരമായ കാര്യങ്ങള്‍ പൂർത്തിയാക്കുമെന്നും ഒക്ടോബറില്‍ നടപടികള്‍ ആരംഭിക്കുമെന്നും മിക്ക ഉദ്യോഗസ്ഥരും ഉറപ്പ് നല്‍കിയതായാണ് വിവരം.
പുനഃപരിശോധന സമയത്ത് വോട്ടർമാരെ തിരിച്ചറിയാൻ ഉപയോഗിക്കാവുന്ന രേഖകളുടെ പട്ടിക തയ്യാറാക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നല്‍കിയിട്ടുണ്ട്. പ്രാദേശികമായി അംഗീകരിക്കപ്പെട്ടതും എളുപ്പത്തില്‍ ലഭ്യമാകുന്നതുമായ സർട്ടിഫിക്കറ്റുകളെ അടിസ്ഥാനമാക്കിയായിരിക്കും ഇത് തീരുമാനിക്കുന്നത്. ഇവ ഓരോ സംസ്ഥാനത്തും വ്യത്യസ്തമായിരിക്കും.
മരിച്ചവർ, സ്ഥിരമായി താമസം മാറിയവർ, ഇരട്ടപ്പേരുകള്‍, പൗരന്മാരല്ലാത്തവർ എന്നിവരുടെ പേരുകള്‍ ഒഴിവാക്കി വോട്ടർ പട്ടിക പരിഷ്കരിക്കുകയും അതോടൊപ്പം യോഗ്യരായ എല്ലാ വോട്ടർമാരെയും പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുകയുമാണ് പ്രത്യേക പുനഃപരിശോധനയുടെ പ്രധാന ലക്ഷ്യമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.






