പത്തനംതിട്ട: ആഗോള അയ്യപ്പ സംഗമത്തിൽ പങ്കെടുക്കുവാൻ എത്തുന്നവർക്കുള്ള ജർമൻ പന്തലിന്റെ പണി അവസാനഘട്ടത്തിലായി. ശീതീകരിച്ചതും 38,500 ചതുരശ്ര അടിയിലുള്ളതുമാണ് പന്തൽ . ഗ്രീൻ റൂം, മീഡിയ റൂം, വിഐപി ലോഞ്ച് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹില്‍ടോപ്പിലാണ് പ്രതിനിധികള്‍ക്കുള്ള ഭക്ഷണസൗകര്യം. സെമിനാറും ഇവിടെ നടക്കും. ഇവിടെ 500 പേർക്ക് ഇരിക്കാം.
പമ്പാ മണപ്പുറവും നദിയും പൂർണമായും വൃത്തിയാക്കുകയും അടിഞ്ഞുകൂടിക്കിടന്ന മാലിന്യവും നീക്കം ചെയ്തു. പമ്പയിലെ ശൗചാലയങ്ങള്‍ക്ക് പിന്നിലൂടെയുള്ള സർവീസ് റോഡും പുതുക്കി. ചാലക്കയം- പമ്പ റോഡിലെ കുഴികള്‍ അടയ്ക്കുന്ന ജോലികളും പൂർത്തിയായി വരുന്നു.
ഇതിന് പുറമെ അയ്യപ്പ സംഗമത്തിനുള്ള പ്രതിനിധികളെ തീരുമാനിക്കാൻ സ്ക്രീനിംഗ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ 5000 പിന്നിട്ടതോടെയാണ് സ്ക്രീനിങ് നടത്തി ഡെലിഗേറ്റുകളെ തിരഞ്ഞെടുക്കാൻ നീക്കം തുടങ്ങിയത്. 3000 ഡെലിഗേറ്റുകളെയാണ് പങ്കെടുപ്പിക്കുക.






