ന്യൂഡൽഹി: റെയിൽവേ ജീവനക്കാർക്ക് മോദി സർക്കാരിന്റെ ദീപാവലി സമ്മാനം. 10.91 ലക്ഷത്തിലധികം ജീവനക്കാർ 78 ദിവസത്തെ ശമ്പളത്തിന് അടിസ്ഥാനമാക്കിയുള്ള ബോണസ് നൽകാൻ ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭായോഗം തീരുമാനിച്ചു. ജീവനക്കാരുടെ മികച്ച പ്രകടനത്തിനുള്ള അംഗീകാരമായാണ് ഈ തീരുമാനമെടുത്തതെന്ന് കേന്ദ്ര മന്ത്രിസഭ പ്രസ്താവനയിൽ പറഞ്ഞു.
ഗസറ്റഡ് അല്ലാത്ത റെയിൽവേ ജീവനക്കാർക്ക് ആണ് ബോണസ് നൽകുന്നത്. 10,91,146 ജീവനക്കാർക്ക് 1,865.68 കോടി രൂപ ചെലവഴിക്കും. എല്ലാ വർഷവും ദുർഗ്ഗാ പൂജ / ദസറ അവധി ദിവസങ്ങൾക്ക് മുമ്പാണ് ബോണസ് നൽകുന്നത്. റെയിൽവേയുടെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നതിന് റെയിൽവേ ജീവനക്കാരെ പ്രചോദിപ്പിക്കുന്നതിനുള്ള ഒരു പ്രോത്സാഹനമായാണ് ഇത്രയും തുക ബോണസായി നൽകുന്നതെന്ന് മന്ത്രിസഭായോഗം വ്യക്തമാക്കി.
യോഗ്യതയുള്ള ഒരു റെയിൽവേ ജീവനക്കാരന് 78 ദിവസത്തേക്ക് നൽകാവുന്ന പരമാവധി ബോണസ് തുക 17,951 രൂപയാണ്. ട്രാക്ക് മെയിന്റനർമാർ, ലോക്കോമോട്ടീവ് പൈലറ്റുകൾ, ട്രെയിൻ മാനേജർമാർ (ഗാർഡുകൾ), സ്റ്റേഷൻ മാസ്റ്റർമാർ, സൂപ്പർവൈസർമാർ, ടെക്നീഷ്യൻമാർ, ടെക്നീഷ്യൻ സഹായികൾ, പോയിന്റ്സ്മാൻമാർ, മിനിസ്റ്റീരിയൽ സ്റ്റാഫ്, മറ്റ് ഗ്രൂപ്പ് ‘സി’ ജീവനക്കാർ എന്നിവരാണ് പ്രത്യേക ബോണസിന് അർഹരായിട്ടുള്ളത്. 2024-25 വർഷത്തിൽ റെയിൽവേയുടെ പ്രകടനം വളരെ മികച്ചതായിരുന്നു.






