ധാക്ക : ബംഗ്ലാദേശിലെ നേതാക്കളുടെ പ്രകോപനപരമായ പ്രസ്താവനകളും തീവ്രവാദി ഭീഷണികളും തുടരുന്നതിനിടയിൽ ധാക്കയിലെ ഇന്ത്യൻ വിസ അപേക്ഷാ കേന്ദ്രം ബുധനാഴ്ച വിദേശകാര്യമന്ത്രാലയം അടച്ചുപൂട്ടി.ഇന്ത്യൻ എംബസി അക്രമിക്കുമെന്ന് ബംഗ്ലാദേശ് നേതാക്കൾ കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ധാക്കയിലെ ജമുന ഫ്യൂച്ചർ പാർക്കിൽ പ്രവർത്തിക്കുന്ന വിസ അപേക്ഷാ കേന്ദ്രം ഇന്ത്യ അടച്ചുപൂട്ടിയത്.
ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഒറ്റപ്പെടുത്താനും വിഘടനവാദികൾക്ക് അഭയം നൽകാനും ശ്രമിക്കുമെന്ന് ബംഗ്ലാദേശിലെ ഒരു രാഷ്ട്രീയ നേതാവ് ഹസ്നത്ത് അബ്ദുള്ള കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു .ഇതേതുടർന്ന് ബംഗ്ലാദേശ് സ്ഥാനപതി റിയാസ് ഹമീദുള്ളയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.ഇന്ത്യൻ ഹൈക്കമ്മീഷനെതിരെയുള്ള സുരക്ഷാ ഭീഷണികളിൽ ഇന്ത്യ ഗുരുതരമായ ആശങ്ക പ്രകടിപ്പിച്ചതായും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.






