ധാക്ക : ‘ജെൻസി’ നേതാവ് കൊല്ലപ്പെട്ടതിനെത്തുടർന്ന് ബംഗ്ലാദേശിൽ വീണ്ടും കലാപം.വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ മരണത്തിനു പിന്നാലെയാണ് ബംഗ്ലാദേശിലെ വിവിധയിടങ്ങളിൽ വീണ്ടും പ്രക്ഷോഭം ഉടലെടുത്തത്. പ്രതിഷേധക്കാർ തെരുവിലിറങ്ങുകയും മാധ്യമസ്ഥാപനങ്ങളുടെ ഓഫീസുകൾക്കടക്കം തീയിടുകയും ചെയ്തു.
കഴിഞ്ഞയാഴ്ച്ച ധാക്കയിലെ ബിജോയ്‌നഗർ പ്രദേശത്ത് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്നതിനിടെ അജ്ഞാതർ ഹാദിയെ വെടിവെക്കുകയായിരുന്നു. തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ചയാണ് ഇയാൾ മരിച്ചത്.മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കിയ വിദ്യാർത്ഥി പ്രക്ഷോഭത്തിന് മുന്നിൽ ഉണ്ടായിരുന്ന നേതാവാണ് ഷെരീഫ് ഉസ്മാൻ ഹാദി .
അക്രമികൾ അവാമി ലീഗിന്‍റെ ഓഫീസുകൾ ആക്രമിച്ചെന്നും പ്രതിഷേധത്തില്‍ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യവും ഉയർന്നുകേട്ടു എന്നും റിപ്പോർട്ടുകളുണ്ട്. കുറ്റവാളിയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. പ്രതിഷേധക്കാരോട് സംയമനം പാലിക്കാൻ ഇടക്കാല ഭരണാധികാരി മുഹമ്മദ് യൂനസ് ആവശ്യപ്പെട്ടു.






