കൊല്ലം: 93-ാമത് ശിവഗിരി തീര്‍ഥാടനത്തിന് 30നു തുടക്കമാകും. രാവിലെ 10ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. 30 നു രാവിലെ 7.30 നു സ്വാമി സച്ചിദാനന്ദ ധര്‍മപതാക ഉയര്‍ത്തുന്നതോടെയാണ് തീര്‍ഥാടന സമ്മേളനങ്ങള്‍ ആരംഭിക്കും. തീര്‍ഥാടന സമ്മേളനം 31നു രാവിലെ 9.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രി വി.എന്‍. വാസവന്‍, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
തുടര്‍ന്നു 11 ന് ‘മാറേണ്ട വിദ്യാഭ്യാസവും മാറരുതാത്ത മൂല്യങ്ങളും’ എന്ന വിഷയത്തിലെ സമ്മേളനം മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും.
ഉച്ചയ്ക്ക് ഒന്നിന് ‘ആധുനിക ജീവിതത്തിലെ ആരോഗ്യ പ്രതിസന്ധികള്‍’ എന്ന വിഷയത്തിലെ സമ്മേളനം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും ‘ഏക ലോക വ്യവസ്ഥിതിയും ആത്മീയതയും’ എന്ന വിഷയത്തിലെ സമ്മേളനം ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വൈകിട്ട് 5 നു നടത്തുന്ന സമ്മേളനം കുളത്തൂര്‍ അദ്വൈതാശ്രമം അധ്യക്ഷന്‍ സ്വാമി ചിദാനന്ദപുരിയും ഉദ്ഘാടനം ചെയ്യും.
31 നു പുലര്‍ച്ചെ 5.30 ന് തീര്‍ഥാടന ഘോഷയാത്ര ശിവഗിരിയില്‍ നിന്നാരംഭിച്ച് മൈതാനം, റെയില്‍വേ സ്റ്റേഷന്‍ വഴി തിരികെ മഹാസമാധി പീഠത്തില്‍ എത്തും.






