ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടന്ന തോളെല്ല് ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട് ചികിത്സാ പിഴവ് ആരോപിച്ചുള്ള പരാതിയില്‍ മെഡിക്കല്‍ കോളജിന് പുറത്തുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന വിദഗ്ധ സംഘത്തെ നിയോഗിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് ന്യൂനപക്ഷ കമ്മിഷന്‍ നിര്‍ദേശം നല്‍കി. രേഖകള്‍ പരിശോധിച്ച് രണ്ടുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശിച്ചത്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. എ.എ. റഷീദിന്റെ അധ്യക്ഷതയില്‍ ആലപ്പുഴ ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിംഗിലാണ് ചികിത്സാ പിഴവ് ആരോപിച്ച തിരുവമ്പാടി സ്വദേശം നല്‍കിയ ഹര്‍ജി പരിഗണിച്ചത്.
മെഡിക്കല്‍ കോളേജില്‍ പ്രസവാനന്തര ശുശ്രൂഷയെ തുടര്‍ന്ന് പുറക്കാട് സ്വദേശി മരിക്കാനിടയായ സംഭവത്തില്‍ കമ്മീഷന്‍ സ്വമേധയ എടുത്ത കേസില്‍ യുവതിയുടെ ഭര്‍ത്താവിനെ കൂടി കക്ഷി ചേര്‍ത്തു. കേസ് അന്വേഷണത്തിനായി മെഡിക്കല്‍ എക്‌സ്‌പേര്‍ട്ട് പാനല്‍ കമ്മിറ്റി രൂപീകരിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫീസറോട് പലതവണ ആവശ്യപ്പെട്ടിട്ടും നടപടി സ്വീകരിച്ചിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അമ്പലപ്പുഴ ഡി.വൈ.എസ്.പി. കമ്മീഷനെ ബോധിപ്പിച്ചു.
മരിച്ച യുവതിയുടെയും നവജാത ശിശുവിന്റെയും ചികിത്സ രേഖകള്‍ അധികൃതര്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ലഭ്യമാക്കിയിട്ടില്ലെന്നും ഡി.വൈ.എസ്.പി. കമ്മീഷനെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട രേഖകള്‍ 15 ദിവസത്തിനകം കൈമാറണമെന്നും മെഡിക്കല്‍ എക്‌സ്‌പെര്‍ട്ട് പാനല്‍ കമ്മിറ്റി രൂപീകരിക്കാന്‍ അടിയന്തരമായി ഇടപെടണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, ജില്ല മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി.