ആലപ്പുഴ : ജില്ലാ കളക്ടർ അലക്സ് വർഗീസ് ഗതാഗത പ്രശ്നങ്ങൾ ഉള്ള തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു. കോടതിയുടെ നിർദ്ദേശം പരിഗണിച്ചായിരുന്നു സന്ദർശനം. തുടർന്ന് മന്ത്രി പി.പ്രസാദിന്റെ നിർദ്ദേശപ്രകാരം ചേർത്തല റസ്റ്റ് ഹൗസിൽ ജനപ്രതിനിധികളുടെയും ദേശീയപാത അധികൃതരുടെയും യോഗം ചേർന്നു.
യോഗത്തിൽ തുറവൂർ മുതൽ അരൂർ വരെയുള്ള സ്കൂളുകളുടെ മുൻവശം നടപ്പാത തയ്യാറാക്കാനും കുട്ടികൾക്ക് സ്കൂളിൻറെ മുൻപിലുള്ള ദേശീയപാത മുറിച്ചു കടക്കുന്നതിന് സുഗമമായ സംവിധാനം ഒരുക്കാനും തീരുമാനിച്ചു. അമിക്കസ് ക്യൂറിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് തീരുമാനം.
സ്കൂളുകൾക്ക് മുന്നിൽ ഗതാഗത നിയന്ത്രണത്തിനായി ട്രാഫിക് മാർഷൽമാരെ നിയോഗിക്കും.പൈലിംഗ് സമയത്ത് പുറത്തു വരുന്ന അഴുക്കില്ലാത്ത ജലം സ്ഥാപനങ്ങൾക്കോ ജനത്തിനോ ബുദ്ധിമുട്ടില്ലാതെ കാനയിലേക്ക് ഒഴുക്കും.
വലിയ കണ്ടെയിനർ പോലുള്ള ഹെവി വാഹനങ്ങൾ അനുവദിക്കില്ല
ഹൈവേ നിർമാണം നടക്കുന്ന തുറവൂർ മുതൽ അരൂർ വരെയുള്ള ഭാഗത്ത് കണ്ടെയ്നർ ഉൾപ്പെടെയുള്ള വലിയ ചരക്ക് വാഹനങ്ങൾ കടത്തി വിടാതിരിക്കാൻ ഉള്ള നടപടികൾ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചു. നിലവിൽ തെക്കു നിന്നു (ആലപ്പുഴ നിന്ന്) വരുന്ന വാഹനങ്ങൾ തുറവൂരിൽ നിന്ന് ടി ഡി ഹൈസ്കൂൾ വഴി തിരിഞ്ഞു കുമ്പളങ്ങി വഴി മരട് ജംഗ്ഷനിൽ എത്തുന്ന ക്രമീകരണവും വടക്കു നിന്നും(അരൂർ ഭാഗത്തുനിന്ന്) വരുന്ന വാഹനങ്ങൾ അരൂക്കുറ്റി മാക്കേകടവ് വഴി തുറവൂർ വരുന്ന ക്രമീകരണവും ഏർപ്പെടുത്തിയിട്ടുള്ളതാണ്. വലിയ വണ്ടികൾ( കണ്ടെയ്നർ പോലുള്ള വലിയ ഹെവി വാഹനങ്ങൾ) തൃശ്ശൂരിൽ നിന്നും വരുന്നത് അങ്കമാലി വഴി പെരുമ്പാവൂരിലൂടെ തിരിച്ചുവിടും. എറണാകുളം ഭാഗത്തുനിന്ന് വരുന്ന വലിയ കണ്ടെയ്നറുകൾ കുണ്ടന്നൂർ ജംഗ്ഷനിൽ നിന്ന് തിരിച്ചു വിട്ടു തൃപ്പൂണിത്തുറ വഴി എംസി റോഡിലേക്ക് കടത്തിവിടും.
കൊല്ലം ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അമ്പലപ്പുഴയിൽ വച്ച് തിരിച്ച് വിട്ട് തിരുവല്ല കടത്തിവിടും. എന്നാൽ ഇവിടെ റെയിൽവേ ക്രോസ് പ്രശ്നം ഉള്ളതിനാൽ ദീർഘദൂര കണ്ടെയിനർ ഹെവി വാഹനങ്ങൾ ചവറ ടൈറ്റാനിയം ഭാഗത്തുനിന്ന് തിരിച്ച് ശാസ്താംകോട്ട വഴി തിരിച്ചുവിടും .അമ്പലപ്പുഴ, അരൂർ ജംഗ്ഷനുകളിൽ വാഹന ഗതാഗതം വഴിതിരിച്ചു വിടുന്നതിന് ഹൈവേ പെട്രോൾ സംഘത്തെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.