പത്തനംതിട്ട: റാന്നി ബ്ലോക്ക് പടി കോഴഞ്ചേരി റോഡിൽ തെക്കേപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആർക്കും പരിക്കില്ല. റാന്നി തോട്ടമൺ നീർമാതളം വീട്ടിൽ ബിന്ദുവിൻ്റെ ഉടമസ്ഥയിലുള്ള കാറിനാണ് തീ പിടിച്ചത്. ബിന്ദുവിൻ്റെ മകൾ അനഘ തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ റാന്നി ഭാഗത്തു നിന്നും കോഴഞ്ചേരി റോഡിൽ യാത്ര ചെയ്യവേ തെക്കേപ്പുറം കഞ്ഞിക്കുഴി പടിയിൽ എത്തിയപ്പോൾ കാറിൽ നിന്നും പുകയുരുന്നത് ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ അനഘ കാർ നിർത്തി പുറത്തേക്ക് ഇറങ്ങിയതോടെ കാർ വലിയ തീയോടുകൂടി പൂർണ്ണമായി കത്തുന്ന കാഴ്ചയാണ് കണ്ടത്.
ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരം അറിയിച്ചു. റാന്നി ഫയർ യൂണിറ്റ് സ്ഥലത്തില്ലാത്തതിനാൽ പത്തനംതിട്ട ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപടർന്ന കാറിന് വലിയ നഷ്ടമുണ്ടയതായി ഫയർ ഉദ്യോഗസ്ഥർ പറഞ്ഞു.