അടൂർ: നഗരസഭയിലെ അട്ടക്കുളം നഗറിൽ ഒരു കോടി രൂപ വിനിയോഗിച്ച് നിർമ്മിക്കുന്ന അംബേദ്ക്കർ ഗ്രാമം പദ്ധതി ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ ദിവ്യാ റെജി മുഹമ്മദിൻ്റെ അധ്യക്ഷതയിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി സ്പീക്കറിന്റെ നിർദ്ദേശപ്രകാരം പട്ടികജാതി വികസനവകുപ്പാണ് പണം അനുവദിച്ചത്.
24 വീടുകളുടെ അറ്റകുറ്റപ്പണികൾ, അഞ്ച് റോഡുകളുടെ സംരക്ഷണ ഭിത്തി നിർമ്മാണം, രണ്ട് കിണറുകളുടെ നവീകരണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നഗരസഭാ വൈസ് ചെയർപേഴ്സൺ രാജി ചെറിയാൻ, മുൻ ചെയർമാൻ ഡി. സജി, കൗൺസിലർമാരായ രമേഷ് വരിക്കോലിൽ, ബീനാ ബാബു ,ബിന്ദു കുമാരി, പട്ടികജാതി വികസന ഓഫീസർ പി ജി റാണി , നഗരസഭ സെക്രട്ടറി എം. രാജു എന്നിവർ സംസാരിച്ചു.