തിരുവനന്തപുരം : അമ്പലമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാല ജീവനക്കാരി വിനീതയെ കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡിഷനല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പുറമേ 8,10,500 രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2022 ഫെബ്രുവരി ആറിനാണ് നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ (38) കന്യാകുമാരി ജില്ലയിലെ തോവാള വെള്ളമടം രാജീവ് നഗറില്‍ രാജേന്ദ്രൻ (40) അലങ്കാരച്ചെടി കടയ്ക്കുളളില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയത് .വിനീതയുടെ കഴുത്തില്‍ കിടന്ന നാലര പവന്‍ തൂക്കമുള്ള സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ, ഫൊറൻസിക് തെളിവുകളുമാണ് പ്രോസിക്യൂഷന് സഹായകരമായത്.
ഹൃദ്രോഗബാധിതനായ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് കൊല്ലപ്പെടുന്നതിന്റെ ഒന്‍പതു മാസം മുന്‍പ് വിനീത അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായത്. തോവാള സ്വദേശി സുബ്ബയ്യ, ഭാര്യ വാസന്തി,മകള്‍ അഭിശ്രീ എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തില്‍ കഴിയവേയാണ് പ്രതി വിനീതയെ കൊലപ്പെടുത്തിയത്. കൊലപാതക പരമ്പര നടത്തിയിട്ടുളള പ്രതി പൊതുസമൂഹത്തിന് ഭീഷണിയായതിനാൽ വധശിക്ഷയില്‍ കുറഞ്ഞതൊന്നും നല്‍കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചിരുന്നു.പ്രതിയുടെ മാനസികനില പരിശോധിച്ചുള്ള റിപ്പോര്‍ട്ടുകൾ ഉള്‍പ്പെടെ പരിഗണിച്ചശേഷമാണ് കോടതി വധശിക്ഷ വിധിച്ചത്.