ആറന്മുള : ആറന്മുളയിൽ വിമാനത്താവള പദ്ധതി പ്രദേശത്ത് ഇലക്ട്രോണിക്സ് പാർക്ക് കൊണ്ടുവരാനുള്ള കെജിഎസ് കമ്പനി നടത്തുന്ന നീക്കത്തിനെതിരെ ആറന്മുള പൈതൃക ഗ്രാമകർമ സമിതി രംഗത്ത്. വിമാനത്താവളത്തിനെതിരെ നടന്ന സമരത്തിന് സമാനമായുള്ള പ്രതിഷേധമാണ് ഇനി വരാനിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു
വിമാനത്താവളത്തിന് മണ്ണിട്ട് നികത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്ന സ്ഥലത്ത് ആണ് വിമാനത്താവള കമ്പനിയായ കെജിഎസ് ” ടോഫൽ ” എന്ന പേരിൽ ഇലക്ട്രോണിക് പാർക്ക് നിർമിക്കാൻ എത്തുന്നത്. ഇതിന് 35 അടി ഉയരത്തിൽ ഭൂമി മണ്ണിട്ട് ഉയർത്തണം. ഇവിടെ നിർമാണ പ്രവർത്തനം നടത്തുന്നത് ഗുരുതരമായ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും വെള്ളപ്പൊക്ക ദുരന്തങ്ങൾക്കും കാരണമാകും.
ആറന്മുളയിൽ ഇനി പാടങ്ങളും നീർച്ചാലുകളും മണ്ണിട്ടു നികത്തിയുള്ള ഒരു വികസന പ്രവർത്തനങ്ങളും അനുവദിക്കുകയില്ലെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു
2017 ൽ സർക്കാർ ആറന്മുള വിമാനത്താവള പദ്ധതി പ്രദേശം മിച്ചഭൂമിയാക്കി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. അവിടെയാണ് 600 കോടി രൂപ ചെലവിൽ ഇപ്പോൾ ഇലക്ട്രോണിക്ക് പാർക്ക് നിർമിക്കാൻ കമ്പനി അപേക്ഷ നൽകിയിരിക്കുന്നത്. ഇത് സംബന്ധിച്ച റിപ്പോർട്ട് നൽകാൻ സർക്കാർ ജില്ലാ കലക്ടറെ ചുമതലപ്പെടുത്തിയതായും റവന്യൂ അധികൃതർ ഇതിന്റെ ഭാഗമായി സ്ഥലം സന്ദർശിച്ചതായും സമിതി ഭാരവാഹികൾ പറഞ്ഞു
പ്രതിഷേധ യോഗത്തിൽ സമിതി വൈസ് പ്രസിഡന്റ് എം. അയ്യപ്പൻ കുട്ടി അധ്യക്ഷത വഹിച്ചു. കൺവീനർമാരായ സി.ജി.പ്രദീപ് കുമാർ, കെ.ജി.സുരേഷ് കുമാർ, എം.കെ.ശശികുമാർ തുടങ്ങിയവർ പ്രസംഗിച്ചു