കാേഴഞ്ചേരി : കടം ചോദിച്ചത് കൊടുക്കാത്തതിന് 2 പേരെ കത്തികൊണ്ട് കുത്തിക്കൊലപെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു.
അയിരൂർ കൈതക്കോടി പുതിയകാവ് പാറക്കാലായിൽ വീട്ടിൽ നിന്നും ആറന്മുള ഐക്കര അനിലിന്റെ വക സരോവരം വീട്ടിൽ വാടകക്ക് താമസിക്കുന്ന ശിവകുമാർ (49), സുഹൃത്ത് ഷിബു എന്നിവർക്ക് ഈ ഞായറാഴ്ച്ച സന്ധ്യക്കാണ് കത്തികൊണ്ടുള്ള കുത്തേറ്റത്. പ്രതി മലയാലപ്പുഴ താഴം രഞ്ജിത്ത് ഭവനം വീട്ടിൽ രഞ്ജിത്ത് (37) ആണ് പിടിയിലായത്.
ശിവകുമാറിന്റെ താെഴിലാളികൾ താമസിക്കുന്ന മൂക്കന്നൂർ നാരായണഭവനം വീടിന്റെ സിറ്റൗട്ടിൽ വച്ചാണ് ആക്രമണമുണ്ടായത്. രഞ്ജിത്തിനെ പണിക്കായി ശിവകുമാർ വിളിക്കാത്തതും മറ്റും ആക്രമണകാരണമായി. അസഭ്യം വിളിച്ചുകൊണ്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പാഞ്ഞടുത്ത രഞ്ജിത്ത്, സിറ്റൗട്ടിൽ ഇരുന്ന ശിവകുമാറിന്റെ പിൻഭാഗത്ത് കത്തികൊണ്ട് രണ്ടുപ്രാവശ്യം ആഞ്ഞുകുത്തുകയായിരുന്നു. ഇയാൾക്ക് ആഴത്തിൽ മുറിവേറ്റു. തടസ്സം പിടിക്കാൻ ഓടിയെത്തിയ വീടിന്റെ ഉടമസ്ഥനെ രഞ്ജിത്ത് ആക്രമിക്കാൻ ശ്രമിച്ചു. പിന്നീട് മുറ്റത്തു നിന്ന ഷിബുവിന്റെ വയറിന്റെ ഇരുവശത്തും കുത്തി ആഴത്തിൽ മുറിവേൽപ്പിച്ചു. ഓടിയെത്തിയ അയൽവാസി നീലകണ്ഠനെയും കുത്തി കൈക്ക് പരിക്കേൽപ്പിച്ചു.
ശിവകുമാറും ഷിബുവും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത് അറിഞ്ഞു കോയിപ്രം പോലീസ് അവിടെയെത്തി മൊഴി രേഖപ്പെടുത്തി. അടിയന്തിര ശസ്ത്രക്രിയക്ക് ശേഷം ഐ സി യുവിലായതിനാൽ ശിവകുമാറിന്റെ മൊഴി എടുത്താണ്കേസ് രജിസ്റ്റർ ചെയ്തത്. സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘവും വിരലടയാള വിദഗ്ദ്ധരും എത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
പ്രതിക്കായി മലയാലപ്പുഴയിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ സംഭവത്തിനുശേഷം ബൈക്കിൽ രക്ഷപ്പെട്ടതായി അറിഞ്ഞു. ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ഇയാളുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി, തുടർന്ന് ഇന്നലെ വൈകിട്ടോടെ മലയാലപ്പുഴയിൽ നിന്നും പിടികൂടുകയായിരുന്നു. സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്ന് വിശദമായി ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചതിനെതുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി. ഇന്ന് നടത്തിയ തെളിവെടുപ്പിൽ സംഭവം നടന്ന വീടിനു മുൻവശം റോഡുവക്കിലെ പുല്ലുകൾക്കിടയിൽ നിന്നും കത്തി പോലീസ് കണ്ടെടുത്തു. പ്രതി സഞ്ചരിച്ച ബൈക്കിന്റെ ഉടമസ്ഥനുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കോയിപ്രം പോലീസ് ഇൻസ്‌പെക്ടർ സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ എസ് ഐ മുഹ്സിൻ മുഹമ്മദ് , സി പി ഓമാരായ ശ്രീജിത്ത് , രതീഷ് , അനന്തു ,വിപിൻരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.