വയനാട് : ചൂരല്‍മലയിൽ ഉരുള്‍പൊട്ടലില്‍ തകർന്ന പാലത്തിന് പകരമുള്ള ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം പൂര്‍ത്തിയായി. സൈനിക വാഹനം പാലത്തിലൂടെ കടന്നു. കരസേനയുടെ മദ്രാസ് എഞ്ചിനീയറിങ് ഗ്രൂപ്പി (MEG)ന്റെ നേതൃത്വത്തിലാണ് പാലം നിര്‍മിച്ചത്. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്നതാണ് ഈ പാലം. ബെയ്‌ലി പാലം സജ്ജമായതോടെ രക്ഷാദൗത്യം കൂടുതൽ കാര്യക്ഷമമാക്കാൻ സാധിക്കും.
നേരത്തെ സൈന്യം താത്കാലി പാലം നിര്‍മിച്ചിരുന്നെങ്കിലും വലിയ ഭാരങ്ങളൊന്നും അപ്പുറത്തേക്ക് കടത്താൻ കഴിയുമായിരുന്നില്ല.പുഴയില്‍ ജലനിരപ്പുയര്‍ന്നതോടെ ഈ താത്കാലിക പാലം മുങ്ങുകയും ചെയ്തു.സൈന്യം ഇപ്പോള്‍ നിര്‍മിച്ചിരിക്കുന്ന ബെയ്‌ലി പാലത്തിലൂടെ ഹിറ്റാച്ചി അടക്കം രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുള്ള വലിയ യന്ത്രസാമഗ്രികള്‍ കടത്താൻ സാധിക്കും.
ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ,പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയ നേതാക്കൾ വയനാട്ടിലെത്തി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചു.