ആറന്മുള : പഞ്ചായത്തിലൂടെ കടന്നുപോകുന്ന പുത്തൻകാവ് – കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിലെ നീർവിളാകം കിഴക്കേചിറ പാലത്തിന്റെ കെട്ടുകൾ കൂടുതൽ ഇടിഞ്ഞു. അടുത്തിടെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച റോഡിലൂടെ വലിയ ഭാരത്തിൽ മണ്ണ് കയറ്റിയ ടോറസ് ലോറികൾ പോകുന്നതോടെയാണ് പാലം താങ്ങി നിർത്തുന്ന കുറിച്ചിമുട്ടം ഭാഗത്തെ കരിങ്കൽ കെട്ട് കൂടുതൽ ഇടിഞ്ഞത്.
പാലത്തിന് ബലക്ഷയം ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ മാസം നാല് മുതൽ പൊതുമരാമത്ത് വകുപ്പ് ഇതുവഴി ഭാരവാഹനങ്ങൾ നിരോധിച്ചിരുന്നു. എന്നാൽ ഇവിടെ മുന്നറിയിപ്പ് ഫലകം സ്ഥാപിച്ചിരുന്നുവെങ്കിലും ഇടയ്ക്കിടെ ടിപ്പർ ലോറികൾ ഇത് വഴി കടന്നു പോകുന്നുണ്ട്.
ഒട്ടേറെ ആളുകൾ പ്രകൃതി ഭംഗി ആസ്വദിക്കാൻ എത്തുന്ന
‘ബാംഗ്ലൂർ റോഡ്’ എന്ന് വിളിപ്പേരുള്ള സ്ഥലത്തിന്റെ മദ്ധ്യ ഭാഗത്താണ് ഈ പാലം. ആറന്മുള പഞ്ചായത്തിലെ നീർവിളാകം, കുറിച്ചിമുട്ടം വാർഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം. 52 വർഷത്തെ പഴക്കമുള്ള പാലത്തിന്റെ പുനർ നിർമ്മാണത്തിനായി 65 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പൊതുമരാമത്ത് വകുപ്പ് തയ്യാറാക്കി എങ്കിലും ഫണ്ട് അനുവദിച്ചിട്ടില്ല.
2018 ലെ പ്രളയത്തിൽ ആണ് പാലത്തിന്റെ കൽക്കെട്ടുകൾ ഇടിഞ്ഞു തുടങ്ങിയത്. ഇപ്പോൾ കൽക്കെട്ട് പൊട്ടി കൂടുതൽ കല്ലുകൾ ഓരോ ദിവസവും അടർന്നു പോകുന്ന സ്ഥിതിയാണ്. അടുത്ത കാലവർഷക്കാലത്ത് പാലം പൂർണ്ണമായും ഇടിഞ്ഞു താഴാവുന്ന നിലയിലാണ്. ഭാരവണ്ടികൾ കയറാതിരിക്കാനായി കുറിച്ചിമുട്ടം കാണിക്ക വഞ്ചി ഭാഗത്ത് റോഡിന്റെ തുടക്കത്തിൽ കോൺക്രീറ്റ് തൂൺ സ്ഥാപിച്ച് ചെറിയ വാഹനങ്ങൾക്ക് മാത്രം പോകാവുന്ന തരത്തിൽ ക്രമീകരണം ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.