പത്തനംതിട്ട : തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പട്ട ഓട്ടോ ഡ്രൈവർ പുളിയൻകുന്ന് പിആർസി മലയിൽ കുടിലിൽ വീട്ടിൽ ബിജു മാത്യുവിന്റെ സംസ്കാരം ഇന്ന് (ബുധൻ) നടക്കും. ഉച്ചയ്ക്ക് 12 ന് തുലാപ്പള്ളി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിലാണ് സംസ്കാരം. ബിജുവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിന് ലഭിച്ചു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആണ് പോസ്റ്റ്മോർട്ടം നടന്നത്.
ബിജുവിന്റെ തുടയെല്ല് പൊട്ടിയ നിലയിലും ശരീരത്തിലെ നിരവധി ഭാഗങ്ങളിൽ ഒടിവും സംഭവിച്ചിട്ടുണ്ട്. തോളെല്ലും വാരിയെല്ലും ഒടിഞ്ഞ നിലയിലായിരുന്നു. വലതു കാലും വലതു കൈയും ഒടിഞ്ഞു. ഇതിന് പുറമെ കഴുത്തും ഇടുപ്പെല്ലും ഒടിഞ്ഞു.ശരീരത്തിൽ മിക്കയിടത്തും ഉരഞ്ഞപാടുകൾ ഉണ്ടായിരുന്നതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ആന വലിച്ചിഴച്ചതായാണ് ഇത് സൂചിപ്പിക്കുന്നത്.തിങ്കളാഴ്ച പുലർച്ചെ 1.30 ന് ആയിരുന്നു ബിജുവിനെ വീട്ട് മുറ്റത്ത് വച്ച് കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്
അതേ സമയം ബിജുവിന്റെ കുടുംബത്തിന് സർക്കാർ നൽകുന്ന ധനസഹായത്തിന്റെ രണ്ടാം ഗഡുവായ 5 ലക്ഷം രൂപ റാന്നി തഹസിൽദാർ ഇ എം റെജി ബിജുവിന്റെ ഭാര്യ ഡെയ്സിക്ക് ചൊവ്വ രാത്രിയിൽകൈമാറി. 10 ലക്ഷം രൂപയാണ് സർക്കാർ അടിയന്തര സഹായം പ്രഖ്യാപിച്ചത്. ഇതിൽ ആദ്യ ഗഡുവായ 5 ലക്ഷം രൂപ തിങ്കളാഴ്ച നൽകിയിരുന്നു