പത്തനംതിട്ട : തൃശൂർ മോഡൽ പരീക്ഷണം നടത്തി പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സജീവമാകാൻ അനിൽ ആന്റണിയോട് ബിജെപി കേന്ദ്ര നേതൃത്വം നിർദേശിച്ചു. പാർട്ടി ദേശീയ സെക്രട്ടറിയായ അദ്ദേഹം ഇപ്പോൾ ഡൽഹിയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പത്തനംതിട്ട കേന്ദ്രീകരിച്ച് പ്രവർത്തനം തുടരാനും പത്തനംതിട്ടയിൽ ഓഫിസ് തുറക്കാനും നേതൃത്വം അനിലിനോട് നിർദേശിച്ചു.
പത്തനംതിട്ട മണ്ഡലത്തിൽ മെച്ചപ്പെട്ട പ്രകടനം കാഴ്ച വച്ചു എന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. തൃശൂരിൽ സുരേഷ് ഗോപി പരാജയപ്പെട്ട ശേഷം തുടർന്ന് നടത്തിയ പ്രവർത്തനങ്ങളാണ് ഇത്തവണ വിജയത്തിലെത്തിച്ചത്. പത്തനംതിട്ടയിൽ ഇക്കുറി 234406 വോട്ടാണ് അനിൽ ആന്റണിക്ക് ലഭിച്ചത്. എൽഡിഎഫിലെ തോമസ് ഐസക്കിന് ലഭിച്ച വോട്ടുമായി താരതമ്യപ്പെടുത്തുമ്പോൾ 67098 വോട്ടുകളുടെ വ്യത്യാസം.
2019 ൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് 2.95 ലക്ഷം വോട്ടുകളാണ് ലഭിച്ചത്.ലോക്സഭാ മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തനം തുടർന്നാൽ അടുത്ത തിരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്നാണ് പാർട്ടി നേതൃത്വം കരുതുന്നത്