കോന്നി : പുനലൂർ-കോന്നി റോഡിൽ ഇഞ്ചപ്പാറ ജംഗ്ഷന് സമീപം കാർ ക്രാഷ് ബാരിയറിലേക്ക് ഇടിച്ചുകയറി അമ്മയ്ക്കും മകനും ദാരുണാന്ത്യം. തമിഴ്‌നാട് മാർത്താണ്ഡം സ്വദേശികളായ വാസന്തി (50), മകൻ വിപിൻ (21) എന്നിവയാണ് മരിച്ചത് . വാസന്തിയുടെ ഭർത്താവ് സുരേഷ്, ബന്ധു സിബിൻ എന്നിവർക്ക് ഗുരുതരമായി പരുക്കേറ്റു.
മകന്‍ സുമിത്തിനെ യാത്രയാക്കി വിമാനത്താവളത്തിൽ നിന്ന് മടങ്ങിവരവേ കൂടൽ ഇഞ്ചപ്പാറ ജങ്ഷനിൽ വച്ച് വാസന്തിയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1 നായിരുന്നു അപകടം.
വാഹനം ഓടിച്ച വിപിനെ കാർ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മാലദ്വീപിലേക്ക് പോകുകയായിരുന്ന സുമിത്തിനെ യാത്രയാക്കുന്നതിനാണ് മാതാപിതാക്കളായ വാസന്തി, സുരേഷ് ,സഹോദരൻ വിപിൻ, ബന്ധു സിബിൻ എന്നിവർ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. മടക്കയാത്രയിൽ കാർ അപകടത്തിൽപ്പെടുകയായിരുന്നു. പരിക്കേറ്റവരെ കോന്നി ഗവ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ പത്തനാപുരം മുതല്‍ കുമ്പഴ വരെയുള്ള ഭാഗങ്ങൾ സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറഞ്ഞു.