തിരുവല്ല: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിൽ സാമൂഹിക വനവൽക്കരണ ഡിപ്പാർട്ടുമെന്റും എൻ ആർ സിയും ടി എം എം ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച വൃക്ഷത്തൈ നടീൽ തിരുവല്ല എം എൽ എ മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട അസി ഫോറസ്ററ് കൺസർവേറ്റർ രാഹുൽ ബി മുഖ്യാതിഥി ആയിരുന്ന ചടങ്ങിൽ ടി എം എം ഗ്രൂപ്പ് സെക്രട്ടറി ബെന്നി ഫിലിപ്പ് അധ്യക്ഷത വഹിച്ചു.
എൻ ആർ സി എക്സിക്യൂട്ടീവ് ഡയറക്ടർ ജോൺസൻ ഇടയാറന്മുള ഗാന്ധിസ്മൃതി പ്രഭാഷണം നടത്തി. ടി എം എം ആശുപത്രിയുടെ 90 വർഷത്തെ സേവനങ്ങളെക്കുറിച്ചു അഡ്മിനിസ്ട്രേറ്റർ ജോർജ്ജ് മാത്യു സംസാരിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. സാം അബ്രാഹം വൃക്ഷസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ടി എം എം ആശുപത്രിയിലെ വിവിധ ഡിപ്പാർട്ടുമെന്റുകൾ ഡോക്ടർമാർ മാനേജ്‌മന്റ് പ്രതിനിധികൾ, പോസ്റ്റർ മത്സരത്തിൽ ജയിച്ച സ്കൂളുകളിലെ വിദ്യാർഥികൾ തുടങ്ങിയവർ ചേർന്ന് ടി എം എം ക്യാമ്പസ്സിൽ 90 വൃക്ഷത്തൈകൾ നട്ടു.
തുടർന്ന് നടന്ന പോസ്റ്റർ മത്സരത്തിൽ യു പി, ഹൈ സ്‌കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 26 സ്കൂളുകൾ പങ്കെടുത്തു. യുപി വിഭാഗത്തിൽ ശങ്കരമംഗലം പബ്ലിക് സ്‌കൂൾ, വി ബി എച്ച് എസ് എസ് കാവുംഭാഗം, ക്രൈസ്റ്റ് സെൻട്രൽ സ്‌കൂൾ എന്നീ സ്‌കൂളുകൾ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ഹൈസ്‌കൂൾ വിഭാഗത്തിൽ സെന്റ് ജോസഫ് ജി എച്ച് എച്ച് ആലപ്പുഴ, ക്രൈസ്റ്റ് സെൻട്രൽ സ്‌കൂൾ, ശങ്കരമംഗലം പബ്ലിക് സ്‌കൂൾ എന്നീ സ്‌കൂളുകൾ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഹയർ സെക്കണ്ടറി വിഭാഗത്തിൽ ക്രൈസ്റ്റ് സെൻട്രൽ സ്‌കൂൾ, നിർമൽ ജ്യോതിപബ്ലിക്ക് സ്‌കൂൾ, നിക്കോൾസൺ സിറിയൻ ജി എച്ച് എസ എസ എന്നീ സ്കൂളുകളാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയത്.
വിജയികൾക്ക് ക്യാഷ് അവാർഡുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.