തിരുവല്ല : പെരിങ്ങര സ്വാമി പാലം ജീജീസ് പടി – മണലേൽപ്പാലം റോഡിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങി. ഇന്ന് രാവിലെയോടെയാണ് പ്രവർത്തനങ്ങൾ ആരംഭിച്ചത്. നിലവിൽ റോഡിന്റെ ഉപരിതലം ഇളക്കി ലെവൽ ചെയ്യുന്ന ജോലികളാണ് നടക്കുന്നത്. വെള്ളക്കെട്ട് ഉള്ള ഭാഗം ഉയർത്തുന്നുണ്ട്. ലെവൽ ചെയ്തതിന് ശേഷം റെഡ് മിക്സ് വിരിച്ച് ഉറപ്പിച്ച ശേഷം ടാറിങ്ങ് നടത്തും. തുടർന്ന് റോഡിന്റെ ഇരുവശങ്ങളിലും 40 സെന്റിമീറ്റർ വീതിയിൽ കോൺക്രീറ്റ് ചെയ്യും. ഈ റോഡിൽ 3 മീറ്റർ വീതിയിൽ 500 മീറ്റർ ദൂരത്തെ പണികളാണ് തുടങ്ങിയത്. കാലാവസ്ഥ അനുകൂലമായാൽ ഉടനെ പണി പൂർത്തികരിക്കുമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം സ്വാമിപാലം ജീജീസ് പടി – മണലേൽപ്പാലം റോഡിൽ കനത്ത മഴയെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടിൽ യാത്ര തടസം നേരിട്ടിരുന്നു. ചെറിയ ഒരു മഴ പെയ്താൽ പോലും റോഡിൽ വെള്ളക്കെട്ട് പതിവായിരുന്നു. വെള്ളക്കെട്ട് രൂക്ഷമാകുന്നതോടെ വെള്ളം നീന്തി പോകുന്നതും വാഹന ഗതാഗതവും വളരെ ബുദ്ധിമുട്ടായിരുന്നു. കെട്ടിക്കിടക്കുന്ന വെള്ളം ഒഴുകി പോകുവാൻ മാർഗ്ഗം ഇല്ലാതെ പോയതാണ് റോഡിന്റെ തകർച്ചയ്ക്ക് പ്രധാന കാരണമായത്. വെള്ളം കെട്ടിക്കിടന്നതോടെ കൊതുക് ശല്യവും രൂക്ഷമായിരുന്നു.






